സ്വകാര്യ സന്ദേശങ്ങൾ ചോരുമോ ? ഇൻസ്റ്റാഗ്രാം ആ ഫീച്ചർ നി‌ർത്തലാക്കി ! ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

Instagram removing end-to-end encryption

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റാഗ്രാം. പല ഫീച്ചറുകളും പലപ്പോഴായി ഇവർ നമുക്കായി നൽകാറുണ്ട്. എന്നാൽ ഇപ്പോഴിതാ നൽകിയിരുന്ന ഒരു ഫീച്ചർ പിൻവലിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. തങ്ങളുടെ ഡയറക്ട് മെസ്സേജുകൾക്ക് നൽകിയിരുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷാ ഫീച്ചർ ആണ് ഇൻസ്റ്റാഗ്രാം പിൻവലിച്ചിരിക്കുന്നത്. 2026 മെയ് 8 മുതലാണ് ഈ മാറ്റം നിലവിൽ വന്നത്.

നേരത്തെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ടായിരുന്നപ്പോൾ, സന്ദേശങ്ങൾ അയക്കുന്ന വ്യക്തിക്കും സ്വീകരിക്കുന്ന വ്യക്തിക്കും മാത്രമേ അത് വായിക്കാൻ സാധിക്കുമായിരുന്നുള്ളൂ. കമ്പനിക്കോ മൂന്നാമതൊരാൾക്കോ ഈ സന്ദേശങ്ങൾ കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ പുതിയ മാറ്റത്തോടെ, സന്ദേശങ്ങൾ മെറ്റയുടെ സെർവറുകളിൽ എത്തുമ്പോൾ കമ്പനിക്ക് അവ ലഭ്യമാകും. അതായത്, നിങ്ങളുടെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവയുടെ സ്വകാര്യതയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

നൽകിപ്പോന്നിരുന്ന ഇൻസ്റ്റാ​ഗ്രാമിന്റെ ഈ ഫീച്ചർ പിൻവലിക്കുന്നതിനുള്ള കാരണം മെറ്റ ഇതുവരെ പറഞ്ഞിട്ടില്ല. എങ്കിലും, മാർച്ചിൽ തന്നെ തങ്ങളുടെ നിബന്ധനകളിൽ മാറ്റം വരുത്തിക്കൊണ്ട് കമ്പനി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. “ഭാവി സ്വകാര്യമാണ്” എന്ന് 2019-ൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചതിന് വിരുദ്ധമായ ഒരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ALSO READ: എ ഐ ആണോ കാരണം? ക്ലൗഡ്ഫ്ലെയറിൽ കൂട്ടപ്പിരിച്ചുവിടൽ

സ്വകാര്യ വിവരങ്ങൾ, സാമ്പത്തിക കാര്യങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയവ ഇൻസ്റ്റാഗ്രാം ഡിഎം വഴി പങ്കുവെക്കുന്നവർക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പിൻവലിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹാക്കർമാർക്കോ മറ്റ് മൂന്നാം കക്ഷികൾക്കോ സന്ദേശങ്ങൾ ചോർത്താൻ ഇത് അവസരമൊരുക്കിയേക്കാം എന്ന് പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ മറ്റ് പല രീതിയിലും ഇത് നല്ലതാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രവർത്തിക്കുന്ന സംഘടനകൾ ഈ നീക്കത്തെ അനുകൂലിക്കുകയാണ്. കാരണം പ്ലാറ്റ്‌ഫോമിന് സന്ദേശങ്ങൾ പരിശോധിക്കാൻ കഴിയുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സഹായിക്കും.

ഇനി മുതൽ വളരെ സ്വകാര്യമായ വിവരങ്ങൾ കൈമാറാൻ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ സിഗ്നൽ പോലുള്ള കൂടുതൽ സുരക്ഷിതമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് ആണ് നല്ലത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ നേരത്തെ എൻക്രിപ്റ്റ് ചെയ്തിരുന്ന സന്ദേശങ്ങളും മറ്റ് വിവരങ്ങളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.

ഡാറ്റ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഇൻസ്റ്റാഗ്രാമിലെ ‘Menu‘ ഓപ്ഷനിൽ പോയി ‘Your activity‘ തിരഞ്ഞെടുക്കുക.
  • താഴെയുള്ള ‘Download end-to-end encrypted data‘ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ പാസ്‌വേഡ് നൽകി ഡൗൺലോഡ് റിക്വസ്റ്റ് സമർപ്പിക്കാവുന്നതാണ്.

ഇൻസ്റ്റാഗ്രാമിൽ ഈ മാറ്റം വന്നെങ്കിലും മെറ്റയുടെ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളായ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്ക് മെസഞ്ചറിലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇപ്പോഴും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News