
ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ജേതാവായ മോഹൻലാലിനെ ആദരിച്ച ചടങ്ങിന് പിന്നാലെ പോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസാഗരം ഒഴുകിയെത്തിയ ചടങ്ങിൽ പങ്കുചേരാനായത് ആവേശകരമായ അനുഭവമായി എന്നും സംസ്ഥാനത്തെ പ്രമുഖരെല്ലാം ഒത്തുചേർന്ന സ്വീകരണ പരിപാടി മോഹൻലാലെന്ന പ്രതിഭയ്ക്ക് നമ്മുടെയെല്ലാം മനസ്സിലുള്ള സ്ഥാനത്തെ അടിവരയിടുന്നതായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ ചലച്ചിത്ര താരമാണ് മോഹൻലാൽ. വെള്ളിത്തിരയിൽ അദ്ദേഹം തന്മയത്വത്തോടെ പകർന്നാടിയ വേഷങ്ങൾ നമ്മുടെ സാംസ്‌കാരിക ബോധത്തിന്റെ ഭാഗമാണെന്ന് തന്നെ പറയാം. ഇന്ന് തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ജേതാവായ മോഹൻലാലിനെ കേരളം ആദരിച്ചു. ജനസാഗരം ഒഴുകിയെത്തിയ ചടങ്ങിൽ പങ്കുചേരാനായത് ആവേശകരമായ അനുഭവമായി. സംസ്ഥാനത്തെ പ്രമുഖരെല്ലാം ഒത്തുചേർന്ന സ്വീകരണ പരിപാടി മോഹൻലാലെന്ന പ്രതിഭയ്ക്ക് നമ്മുടെയെല്ലാം മനസ്സിലുള്ള സ്ഥാനത്തെ അടിവരയിടുന്നതായിരുന്നു. തന്റെ കലാസപര്യ കൂടുതൽ തിളക്കത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ALSO READ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കൈക്കുഞ്ഞടക്കം നാലുമക്കളുമായി ഭർത്താവ് നദിയിൽ ചാടി, സംഭവം യുപിയിൽ
‘വാനോളം മലയാളം ലാല്‍’സലാം’ എന്ന പേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
മന്ത്രി സജി ചെറിയാൻ,കെ എൻ ബാലഗോപാൽ , ജി ആർ അനിൽ തുടങ്ങിയ മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരും പരിപാടിയിൽ സംസാരിച്ചു. രാഷ്ട്രീയ, സിനിമാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

