ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദൈനംദിന പാചക ആവശ്യങ്ങൾക്കായി എൽപിജി സിലിണ്ടറുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. എല്ലാ എൽപിജി സിലിണ്ടറുകളുടേയും മുകൾ ഭാഗത്ത് ഒരു കോഡ് നമ്പർ പ്രിന്റ് ചെയ്തിരിക്കുന്നത് നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. ആ കോഡിന് പിന്നിലൊരു രഹസ്യമുണ്ട് എന്താണെന്നറിയാമോ?
ഉപയോക്താക്കളുടെ സുരക്ഷയ്ക്കായാണ് ഈ കോഡുകൾ സിലിണ്ടറിൽ പ്രിന്റ് ചെയ്യുന്നത്. ഈ കോഡുകളുടെ തുടക്കത്തിൽ എഴുതിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ നാല് വ്യത്യസ്ത വിഭാഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. എ, ബി, സി, ഡി എന്നീ അക്ഷരങ്ങൾ ഒരു വർഷത്തിലെ നാല് പാദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
എ എന്ന അക്ഷരം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉപയോഗിക്കുമ്പോൾ ബി എന്ന അക്ഷരം അടുത്ത മൂന്ന് മാസങ്ങളെ അതായത് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളെ രേഖപ്പെടുത്തുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തെ സി എന്ന അക്ഷരം കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. ഒക്ടോബർ- ഡിസംബർ പാദം ഡി എന്ന അക്ഷരം കൊണ്ടും രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന്, എഴുതിയിരിക്കുന്ന കോഡ് A-21 എന്നാണെങ്കിൽ, അത് 2021 ജനുവരി, ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസത്തെ സൂചിപ്പിക്കുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇത്തരം കോഡുകൾ സിലിണ്ടറുകളിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇത് സിലിണ്ടറുകളുടെ നിർബന്ധിത സുരക്ഷാ പരിശോധനയ്ക്കുള്ള അവസാന തീയതിയാണ്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ ആയുസ് 15 വർഷമാണ്. ഈ സമയത്തിനുള്ളിൽ സിലിണ്ടറുകൾ രണ്ട് തവണ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണം. ഡെലിവറി സ്വീകരിക്കുന്നതിന് മുൻപ് എപ്പോഴും കോഡ് പരിശോധിക്കുക. സമയപരിധി കഴിഞ്ഞെങ്കിൽ മറ്റൊരു സിലിണ്ടർ ആവശ്യപ്പെടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

