നീർക്കുന്നം സ്കൂൾ തർക്കവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം സലാം ആലപ്പി. താനൊഴികെ മറ്റുള്ളവരെല്ലാം കള്ളന്മാരാണെന്ന് പ്രചരിപ്പിക്കാൻ സുധാകരൻ ഏത് വൃത്തികേടും പറയുകയാണെന്ന് സലാം ആലപ്പി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ALSO READ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് പിൻവലിച്ചു; മേപ്പാടിയിൽ നിയന്ത്രണം തുടരും
നീർക്കുന്നം എസ്ഡിവി യുപി സ്കൂളിൽ എത്തിയ ജി. സുധാകരൻ പഞ്ചായത്തിനെയും സ്കൂൾ അധികൃതരെയും അനാവശ്യമായി ആക്ഷേപിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. വിവരാവകാശ നിയമവുമായി സ്കൂളിനെതിരെ സ്ഥിരമായി പരാതി നൽകുന്ന ചിലരെയും കൂട്ടിയാണ് സുധാകരൻ എത്തിയതെന്നും, അവിടെയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡൻ്റ് അനിതാ സതീഷ്, മറ്റ് ജനപ്രതിനിധികൾ, എസ്എംസി ചെയർമാൻ പ്രശാന്ത് എസ്. കുട്ടി എന്നിവരോട് അദ്ദേഹം ബഹളമുണ്ടാക്കിയെന്നും പോസ്റ്റിൽ പറയുന്നു. സുധാകരനൊപ്പം വന്ന വ്യക്തി എസ്എംസി ചെയർമാനെയും പഞ്ചായത്തംഗത്തെയും ആക്രമിച്ചതായും സലാം ആലപ്പി ആരോപിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ജി.സുധാകരൻ്റെ പരാക്രമം വീണ്ടും .
യു ഡി എഫിൻ്റെ ഔദാര്യം വാങ്ങിയത് മുതൽ CPIM നേതാക്കളെ അധിക്ഷേപിക്കലും തനിക്കിഷ്ടമില്ലാത്ത ആളുകളെയെല്ലാം സദാസമയം പുലഭ്യം പറയുകയാണ്
എം എൽ എ ജി.സുധാകരൻ ഇപ്പോഴും ചെയ്യുന്നത്.
താനൊഴികെ മറ്റുള്ളവരെല്ലാം കള്ളന്മാരാണ് എന്ന് പ്രചരിപ്പിക്കാൻ എന്ത് വൃത്തികേടും ആരെക്കുറിച്ചും പറയുകയാണ്.
ജില്ലയിലെ മികച്ച വിദ്യാലയമായ നീർക്കുന്നം SDV യു പി സ്കൂളിനെയാണ് ഇന്ന് ഇതിനായി ഉപയോഗിച്ചത്. സ്കൂളിൽ എത്തിയ അദ്ദേഹം പഞ്ചായത്തിനെയും സ്‌കൂളിനേയും ആക്ഷേപിച്ച് സംസാരിച്ചു. ഇതേ തുടർന്ന് ജനപ്രതിനിധി കളുമായും SMC ചെയർമാനുമായി വാദപ്രതിവാദം ഉണ്ടായി.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഞാൻ എം എൽ എ ആയിരിക്കുമ്പോൾ പുതിയ ആഡിറ്റോറിയവും സ്കൂൾ കെട്ടിടവും നിർമ്മിക്കാൻ 3 കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ഉദ്ഘാടനവും തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറിയതിന് ശേഷം ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടം ഉൾപ്പെടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് നിയമപ്രകാരം ലേലം ചെയ്തു.
1.10 ലക്ഷം രൂപ LSGD എഞ്ചിനീയർമാർ വാല്യുവേഷൻ നിശ്ചയിച്ച കെട്ടിടങ്ങൾ നാല് ലക്ഷത്തിലധികം രൂപക്കാണ് ലേലം സ്ഥിരപ്പെടുത്തി നൽകിയത്.
വിദ്യാഭ്യാസ വകുപ്പിൻ്റെ രേഖാമൂലമുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തും സ്കൂൾ അധികൃതരും എല്ലാ ഭരണനടപടികളും സ്വീകരിച്ചത്. പുതിയ കെട്ടിടത്തിൻ്റെയും ആഡിറ്റോറിയത്തിൻ്റെയും നിർമ്മാണം തുടങ്ങുന്നതിൻ്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിക്കൊണ്ടിരിക്കുകയാണ്.
പഞ്ചായത്ത് ഓവർസിയറുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിലാണ് ഇത് നടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന CCTV യും സെക്യുരിറ്റി ജീവനക്കാരനും സ്കൂളിൽ ഉണ്ട്. ഒരു തെറ്റും പഞ്ചായത്തിൻ്റെയോ സ്കൂളിൻ്റെയോ ഭാഗത്തുനിന് ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് ഇന്നലെ വരെ യാതൊരു വിധ പരാതികളും ഉണ്ടായിരുന്നില്ല.
സ്‌കൂളിനെതിരെ സ്ഥിരമായി വിവരാവകാശവും പരാതിയുമായി നടക്കുന്ന ചിലരേയും കൂട്ടി ഇന്ന് ജി.സുധാകരൻ സ്‌കൂളിൽ മനഃപൂർവ്വം പ്രശ്നം ഉണ്ടാക്കുവാൻ എത്തുകയും സ്കൂളിനേയും പഞ്ചായത്തിനെയും അനാവശ്യം പറയുകയുമായിരുന്നു. സ്കൂളിൽ നിന്ന് വിളിച്ചത് അനുസരിച്ച് സ്‌കൂളിൽഎത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് അനിതാസതീഷ്, പഞ്ചായത്തംഗങ്ങളായ എസ് ഹാരിസ്, ജീതു എന്നീ ജനപ്രതിനിധികളോടും SMC ചെയർമാൻ പ്രശാന്ത് എസ് കുട്ടിയോടും ബഹളമുണ്ടാക്കുകയുമായിരുന്നു. (ഒരു ഭാഗം മാത്രമാണ് വീഡിയോ പുറത്തു വന്നത് ) നിലമറന്ന് സംസാരിച്ച ജി.സുധാകരന് വേണ്ട മറുപടി ഹാരിസും മറ്റുള്ളവരും നൽകിയിട്ടുണ്ട്.
ജി.സുധാകരന് ഒപ്പം വന്ന വിവരാവകാശക്കാരൻ SMC ചെയർമാൻ പ്രശാന്ത്കുട്ടിയേയും പഞ്ചായത്തംഗം ജീതുവിനേയും ആക്രമിക്കുകയും ചെയ്തു.
വൈകിട്ട് ജി സുധാകരൻ്റെ പോസ്റ്റ് വായിക്കുവാൻ ഇടയായി. സ്കൂളിൽ അക്രമം കാട്ടിയ ആളിന് മെഡിക്കൽ കോളേജിൽ ചികിത്സ നടത്താൻ മുൻ എം എൽ എ യുടെ നേതൃത്വത്തിൽ സമ്മതിച്ചില്ല എന്ന് എഴുതിയത് കണ്ടു.
” ഇയാൾക്ക് ഇത് എന്തിൻ്റെ കേടാണ് ” എന്ന് പലരും ചോദിക്കുന്നത് പോലെ ഞാനും ചോദിക്കണോ ?
ഞാൻ രാവിലെ മുതൽ കുട്ടനാട്ടിൽ മീറ്റിംഗിൽ ആയിരുന്നു.
സംഭവം അറിഞ്ഞ് വൈകുന്നേരം 4 മണിക്കാണ് എത്തിയത്. സ്ഥലത്ത് ഇല്ലാതിരുന്ന എന്നെ കുറിച്ചും FB യിൽ കളവ് എഴുതുകയാണ്, കഷ്ടം.
ഒന്നുകൂടി പറയുന്നു – 2021 ൽ പാർട്ടിയുടേയും എൻ്റെയും പേരിൽ പിരിച്ച പണത്തിൻ്റെ കണക്ക് എന്തേ ഇപ്പോഴും പരസ്യപ്പെടുത്താത്തത് ? അത് പറഞ്ഞിട്ട് മതി ജി.സുധാകരൻ്റെ അഴിമതി വിരുദ്ധ പ്രസംഗം.
ആ പണം പാർട്ടിക്ക് വേണ്ട, വാങ്ങിയ ആളുകൾക്ക് തിരിച്ചു കൊടുക്കണം..
Dyfi ഹൃദയപൂർവ്വം പദ്ധതിയിലൂടെ രോഗികൾക്ക് നൽകുന്ന പൊതിച്ചോർ പദ്ധതിയെയും ആക്ഷേപിക്കുന്നു..
ആയിരങ്ങൾക്ക് ആശ്വാസം നൽകുന്ന പൊതിച്ചോറിന്റെ വില താങ്കൾക്ക് അറിയുമോ ?
ബിജെപി വോട്ടിനു പകരമായി ജി സുധാകരന്റെ അനുവാദത്തോടെയല്ലേ സർക്കാർ ഭൂമിയിൽ സേവാഭാരതി ഷീറ്റിട്ട കെട്ടിടം നിർമ്മിച്ചത്, അത് വിവാദമായപ്പോൾ അതിൽ നിന്ന് തടിയൂരാൻ ഭക്ഷണവിവാദം ഉണ്ടാക്കുന്നു, ഈ ബുദ്ധി യൊക്കെ മനുഷ്യർക്ക് മനസിലാകും കേട്ടോ..
ഔദ്യോഗിക വേദികൾ പോലും പാർട്ടിയെയും നേതാക്കളെയും അധിക്ഷേപിക്കുവാൻ ഉപയോഗിക്കുമ്പോളും പാർട്ടി അവധാനത കാണിക്കുന്നത് ദൗർബല്യം ആണെന്ന് വിചാരിക്കരുത്. വനിതകളായ നേതാക്കളെയും ജനപ്രതിനിധി കളെയും ആക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്. എല്ലാത്തിനും ഒരു പരിധിയുണ്ട്..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

