നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് തിരിച്ചടി. രാഹുല്‍ഗാന്ധിക്കും സോണിയാഗാന്ധിക്കും നോട്ടീസയയ്ക്കാന്‍ വിസമ്മതിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡിയോട് റോസ് അവന്യൂ കോടതി ആവശ്യപ്പെട്ടു.
മേയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. സോണിയഗാന്ധിയെ ഒന്നാം പ്രതിയും രാഹുല്‍ഗാന്ധിയെ രണ്ടാം പ്രതിയുമാക്കി കുറ്റപത്രം സമര്‍പ്പിച്ച നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദ്യഘട്ടത്തില്‍ തന്നെ ഇഡിക്ക് തിരിച്ചടിയായി. കുറ്റപത്രം പരിശോധിച്ച ദില്ലി റോസ് അവന്യൂകോടതി കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും നോട്ടീസയച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു.
കുറ്റപത്രത്തിലെ പിഴവുകള്‍ തിരുത്തുകയും കൃത്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്താല്‍ മാത്രമേ നോട്ടീസ് അയയ്ക്കാന്‍ കഴിയുള്ളൂ എന്ന നിലപാടാണ് വിശാല് ഗോഖലെ അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചത്. 2012 നവംബറില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ച നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി കഴിഞ്ഞയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ഏഴുപ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റ 2000 കോടിയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനിയുണ്ടാക്കി വെറും 50 ലക്ഷം രൂപയ്ക്ക് തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നാണ് ആരോപണം. കേസില്‍ എജെഎല്ലിന്റെ ദില്ലി, ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. തത്ക്കാലം രാഹുല്‍ഗാന്ധിയും സോണിയഗാന്ധിയും ഹാജരാകേണ്ടെന്ന കോടതി നിലപാട് കോണ്‍ഗ്രസിനും ആശ്വാസമായി. കേസ് മേയ് രണ്ടിന് വീണ്ടും പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

