ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഷാർജയിൽ പുതിയ ക്യാമ്പെയിന് തുടക്കമായി. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും മുൻനിർത്തിയാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
‘ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഈ ബോധവൽക്കരണവും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്. നഗരത്തെ കൂടുതൽ വൃത്തിയുള്ളതും ഹരിതാഭവുമാക്കാൻ ലക്ഷ്യമിടുന്ന ഈ ക്യമ്പെയ്ൻ, പൊതുജനങ്ങൾക്കിടയിലും വ്യാപാരികൾക്കിടയിലും പുതിയ അവബോധം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ പരിസ്ഥിതിക്കും വന്യജീവികൾക്കും സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുകയാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരൻറെയും കടമയാണെന്നും, ഈ വലിയ ലക്ഷ്യം സഫലമാക്കാൻ ഷാർജയിലെ ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കാമ്പെയ്ന്റെ ഭാഗമായി വരും ദിവസങ്ങളിൽ നഗരത്തിലുടനീളം വിപുലമായ ബോധവൽക്കരണ പരിപാടികൾ നടക്കും.
Also read: ദുബായിൽ ലൈസൻസുള്ള സാമൂഹിക, മനശാസ്ത്ര, വിദ്യാഭ്യാസ വിദഗ്ധരുടെ എണ്ണം 1,144 ആയി
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് ഇത്തരം പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ നടപ്പിലാക്കുന്നതെന്ന് മുനിസിപ്പൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുൽത്താൻ മുഹമ്മദ് ബിൻ ഹുവൈദൻ അൽ കെത്ബി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സുസ്ഥിരതയുടെ സന്ദേശം എത്തിക്കുന്നതിനായി വരും മാസങ്ങളിൽ വിവിധ ഫീൽഡ് ഇവന്റുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്ന് ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പൽ അഫയേഴ്സ് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖാസിമി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

