ഡ്രീം ഇലവന് പകരം ആര്? ഇന്ത്യൻ ജേഴ്‌സിയിൽ കയറിക്കൂടാൻ സാധ്യത ഇവർക്ക്

Dream11 team india

ഓൺലൈനായി പണം ചെലവാക്കേണ്ടി വരുന്ന ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്ന ‘ഓൺലൈൻ ഗെയിമിംഗ് നിയന്ത്രണ ബിൽ’ പാസായതോടെ ഇന്ത്യൻ ജേഴ്സിയിൽ നിന്നും ഔട്ട് ആയ ഡ്രീം ഇലവന് പകരം ആരെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. കരാർ കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് ഡ്രീം 11 ടീം ഇന്ത്യയുടെ മുഖ്യ സ്പോൺസർ സ്ഥാനത്ത് നിന്ന് പുറത്തു പോകേണ്ടി വരുന്നത്. അപ്രതീക്ഷിതമായി സ്പോൺസറിന്‍റെ ‘വിക്കറ്റ്’ വീണതോടെ ബി സി സി ഐക്കും ഇത് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഏഷ്യാ കപ്പ് ആരംഭിക്കാൻ ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ സ്പോൺസറെ കണ്ടെത്തുകയാണ് ബി സി സി ഐക്ക് മുന്നിലുള്ള വെല്ലുവിളി. മാത്രമല്ല, സ്പോൺസറെ സെറ്റാക്കി ദേശീയ ടീമിനായി ഏഷ്യാ കപ്പ് ജേഴ്‌സികൾ പുതിയ ലോഗോ വച്ച് അച്ചടിക്കുകയും വേണം.

ALSO READ; സഹാറ, ബൈജൂസ്, ഡ്രീം ഇലവന്‍…; കുത്തുപാളയെടുത്ത ബി സി സി ഐ സ്‌പോണ്‍സര്‍മാര്‍

പുതിയ സ്പോൺസറായി വരാൻ സാധ്യതയുള്ളവർ

ഫിൻടെക് സ്ഥാപനങ്ങൾ

സെറോധ, ഏഞ്ചൽ വൺ, ഗ്രോ തുടങ്ങിയ ഫിൻടെക് സ്ഥാപനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയൊരു ഉപഭോക്താക്കളുടെ അടിത്തറ ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുണ്ട്. സാധാരണക്കാരെ പോലും ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാനും ഓഹരിവിപണിയുടെ സാമ്പത്തിക പ്രാധാന്യം മനസിലാക്കി കൊടുക്കാനും ഈ പ്ലാറ്റ്ഫോമുകൾക്ക് ക‍ഴിഞ്ഞിട്ടുണ്ട്. ടീം ഇന്ത്യയുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നത് അവരുടെ ഉപഭോക്തൃ അടിത്തറയ കൂടുതൽ വികസിപ്പിക്കുകയും ആഗോളതലത്തിൽ വമ്പൻ പ്രൊമേഷൻ കിട്ടാൻ സഹായിക്കുകയും ചെയ്യും.

ഓട്ടോ മൊബൈൽ, എഫ്എംസിജി കമ്പനികൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രബലമായ ഓട്ടോമൊബൈൽ, എഫ്എംസിജി ഇൻഡസ്ട്രികളിലെ വമ്പന്മാർ സ്പോൺസർഷിപ്പിനായി കണ്ണെറിയുന്നുണ്ട്. വർഷങ്ങളായി, ഈ മേഖലകളിലുള്ള കമ്പനികൾ നിരവധി ക്രിക്കറ്റ് മത്സരങ്ങൾ സ്പോൺസർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ പ്രധാന സ്പോൺസർ ടാറ്റ ഗ്രൂപ്പാണ്. ചില ഓട്ടോമൊബൈൽ, എഫ്എംസിജി കമ്പനികൾ ടീം ഇന്ത്യ സ്പോൺസർഷിപ്പിന്റെ അവസരം മുതലെടുക്കാൻ ശ്രമിച്ചേക്കാം.

ALSO READ; മലയാള മണ്ണിൽ പന്തുതട്ടാൻ മിശിഹായുടെ വരവ്; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ

റിലയൻസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനികൾ

ഡ്രീം11 ന്റെ പിന്മാറ്റത്തെ ലാഭകരമായ ഒരു സ്പോൺസർഷിപ്പ് അവസരമായി കണ്ട് വ്യവസായ ഭീമന്മാരായ റിലയൻസും അദാനി ഗ്രൂപ്പും രംഗത്തെത്താൻ സാധ്യതയുണ്ട്. ഇതിനകം ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐപിഎൽ) വനിതാ പ്രീമിയർ ലീഗിലും (ഡബ്ല്യുപിഎൽ) നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളാണ് ഇവർ. ഇന്ത്യൻ ടീമിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിക്ഷേപിക്കാനുള്ള ഒരു സുവർണ്ണാവസരമായിരിക്കും ഇത്.

ഏഷ്യാകപ്പ് സെപ്റ്റംബർ 9 ന് യുഎഇയിലാണ് ആരംഭിക്കുക. ദുബായിലും അബുദാബിയിലുമായി മത്സരങ്ങൾ നടക്കും. ഏഷ്യാ കപ്പിന് മുമ്പ് ബിസിസിഐക്ക് പുതിയ സ്പോൺസർഷിപ്പ് ലഭിക്കാത്ത പക്ഷം, ഇന്ത്യൻ ടീം സ്പോൺസറില്ലാതെ ടൂർണമെന്‍റിൽ കളിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News