‘ജോജുവിന് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു; അങ്ങനെ ‘പവിത്രന്‍’ എന്നെ തേടിവന്നു’; ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രത്തെക്കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു

എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിച്ചെത്തിയ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച പവിത്രന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ജോജു ജോര്‍ജായിരുന്നുവെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ജോജു അവതരിപ്പിച്ച മിനി എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനാണെന്നും സുരാജ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട് ഇക്കാര്യം പറഞ്ഞത്.

ആക്ഷന്‍ ഹീറോ ബിജു ചെയ്യുന്നതിന് മുന്‍പേ കോമഡി വിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. എന്നാല്‍ ആ സമയത്ത് അതിന് സാധിച്ചില്ല. തേടി വന്നതെല്ലാം കോമഡി റോളുകളായിരുന്നു. തന്റെ ആഗ്രഹത്തെക്കുറിച്ച് പലരോടും സംസാരിച്ചിരുന്നു, സംവിധായകന്‍ രഞ്ജിത്തിനോടും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ‘നീ ഇപ്പോള്‍ തമാശ റോളുകളല്ലേ ചെയ്യുന്നത്, അത് അങ്ങനെ പോകട്ടെ സമയമാകുമ്പോള്‍ എല്ലാം ശരിയാകും’ എന്നണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ആക്ഷന്‍ ഹീറോ ബിജു കിട്ടുന്നതെന്നും സുരാജ് പറഞ്ഞു.

എബ്രിഡ് ഷൈന്റെ 1983 താന്‍ കണ്ടിരുന്നു. അത് തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അടുത്ത പടത്തില്‍ അവസരം നല്‍കണമെന്ന് എബ്രിഡിനോട് അങ്ങോട്ട് ആവശ്യപ്പെടുകയാണ് ചെയ്തത്. പുതിയ ചിത്രം ചെയ്യുമ്പോള്‍ അവസരം നല്‍കാമെന്നും പറഞ്ഞു. അങ്ങനെ ആക്ഷന്‍ ഹിറോ ബിജുവിലേക്ക് എത്തി. ജോജു അവതരിപ്പിച്ച മിനി എന്ന കഥാപാത്രമായിരുന്നു തനിക്കായി നിശ്ചയിച്ചിരുന്നത്. ജോജുവിന് താന്‍ അവതരിപ്പിച്ച പവിത്രന്‍ എന്ന കഥാപാത്രവും പറഞ്ഞുവച്ചിരുന്നു. എന്നാല്‍ പവിത്രനെ അവതരിപ്പിക്കാന്‍ ജോജു തയ്യാറായില്ല. ജോജു തന്നെ വിളിച്ച് ‘നീ അത് ചെയ്യ്’ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ വേഷത്തിലേക്ക് താന്‍ എത്തിയതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like