ഇന്ന് എന്ത് സാധനങ്ങളും വെറും 5 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കാൻ നിരവധി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ സുലഭമാണ്. ഇക്കൂട്ടത്തിൽ പ്രധാനിയായ സ്വിഗി ഇതാ വിപ്ലവകരമായ പുതിയ സേവനത്തിന് തുടക്കം കുറിക്കുകയാണ്. എൽപിജി സിലിണ്ടർ ബുക്ക് ചെയ്ത് നിമിഷങ്ങൾക്കകം വീട്ടിലെത്തിക്കുന്ന പുതിയ സേവനമാണ് ഇൻസ്റ്റമാർട്ടും എച്ച്പിസിഎല്ലും കൈകോർത്ത് നടപ്പിലാക്കുന്നത്. വീട്ടാവശ്യമായ സാധനങ്ങൾക്കൊപ്പം എൽപിജി ബുക്കിംഗും ഒരേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നത് ഇന്ത്യയിൽ ഇതാദ്യമായാണ്.
പരമ്പരാഗത ബുക്കിംഗ് മാർഗങ്ങൾക്ക് പുറമേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൂടി എൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഭാഗമാകുന്നുവെന്നതാണ് സവിശേഷത. ഇൻസ്റ്റമാർട്ട് എൽപിജി സേവനം ആദ്യഘട്ടത്തിൽ എവിടെയെല്ലാം ലഭിക്കുമെന്നതിനെ കുറിച്ചും എൽപിജി ക്വിക്ക് ഡെലിവറി സേവനത്തെ കുറിച്ചും എങ്ങനെയാണ് ബുക്കിങ് രീതിയെന്നും വിശദമായി അറിയാം.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് ഇൻസ്റ്റാമാർട്ട് ഓൺ-ഡിമാൻഡ് എൽപിജി സിലിണ്ടർ ഡെലിവറി ആരംഭിച്ചു. ഇന്ത്യയിൽ ഇൻസ്റ്റമാർട്ട്-എൽപിജി സേവനം ആദ്യം ലഭിക്കുന്നത് ബെംഗളൂരുവിലാണ്. ആദ്യമായാണ് ഒരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോം രാജ്യത്ത് എൽപിജി ഡെലിവറി സേവനത്തിലേക്ക് ചുവട് വയ്ക്കുന്നത്.
എച്ച്പി നവ്യ 10 കിലോഗ്രാം കോമ്പോസിറ്റ് എൽപിജി സിലിണ്ടറാണ് ക്വിക്ക് ഡെലിവറിയിലൂടെ ലഭിക്കുക. ഇത് എൽപിജി പുതുതായി പുറത്തിറക്കിയ ഗ്യാസ് സിലിണ്ടറാണ്. എച്ച്പിസിഎല്ലിന്റെ 5 കിലോഗ്രാം മെറ്റൽ എൽപിജി സിലിണ്ടറും ഇൻസ്റ്റാമാർട്ട് ആപ്പിലൂടെ ലഭിക്കും.
കമ്പനി അറിയിച്ച പ്രകാരം ഇങ്ങനെ സിലിണ്ടറുകൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് നിലവിലുള്ള ഗാർഹിക എൽപിജി കണക്ഷൻ ആവശ്യമില്ല. ഇതിനായി ആദ്യം സ്വിഗ്ഗി ആപ്പിലെ ഇൻസ്റ്റമാർട്ട് വിഭാഗത്തിലേക്ക് പോകുക. ഇവിടെ എൽപിജി ഓപ്ഷൻ തെരഞ്ഞെടുക്കാം. സിലിണ്ടർ ഓർഡർ നൽകി, ശേഷം ഉപഭോക്തൃ വിവരങ്ങളും ഡെലിവറി വിലാസവും സ്ഥിരീകരിക്കുക. പേയ്‌മെന്റ് പൂർത്തിയാക്കി ഓർഡർ പൂർത്തിയാക്കാം. ഇൻസ്റ്റമാർട്ട് വഴി ഗ്യാസ് ബുക്കിങ് നടത്തുമ്പോൾ ആദ്യമായി വാങ്ങുന്ന പർച്ചേസ് പുതിയ സിലിണ്ടറായി കണക്കാക്കും. പിന്നീടുള്ള റീഫില്ലിന് ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകുമ്പോൾ പുതിയ സിലിണ്ടർ ഡെലിവറിയാകും.
പരിശീലനം ലഭിച്ച ജീവനക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഡെലിവറി നടത്തുന്നതെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ ഓർഡറിൽ എൽപിജി ഉപയോക്താക്കൾക്ക് അവരുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ടെന്ന് എൻട്രാക്കർ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥികൾക്കും ബാച്ചിലർമാർക്കും പ്രയോജനകരമാകുന്ന സേവനമാകുമിതെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

