
പാർട്ടി അറിയാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രഹസ്യ സർവ്വേ നടത്തിയതിനെ പറ്റി തനിക്ക് വിവരമില്ല എന്ന് രമേശ് ചെന്നിത്തല. 63 മണ്ഡലങ്ങളിൽ കോൺഗ്രസ് സർവേ നടത്തിയതായി അറിയില്ല. താൻ ഓൺലൈനിലാണ് യോഗം ചേർന്നത്. അവസാന സമയങ്ങളിൽ താൻ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായി പോവുക എന്നതാണ് ഇപ്പോൾ വേണ്ടത്. പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത് ഐക്യത്തോടെ പോകണം എന്നാണെന്നും അദ്ദേഹം പറഞ്ഞു.
ദീപാ ദാസ് മുൻഷിയെ കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കില്ല അത് പാർട്ടി മര്യാദയല്ലെന്നും ചെന്നിത്തല പറഞ്ഞു. നേതൃ മാറ്റത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും എന്ത് തീരുമാനമെടുത്താലും പാർട്ടിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; പാർട്ടി അറിയാതെ വിഡി സതീശന്‍റെ രഹസ്യ സർവേ; പരിശോധിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയ സാധ്യത
അതേ സമയം, കെസി വേണുഗോപാൽ അടക്കമുള്ള മറ്റു നേതാക്കൾക്കിടയിലും സതീശന്‍റെ നടപടിയിൽ അതൃപ്തി പുകയുകയാണ്. പാർട്ടി അറിയാതെ സർവേ നടത്തിയത് അച്ചടക്ക ലംഘനമാണ് എന്നാണ് നേതാക്കൾ ആരോപിക്കുന്നത്. സാധാരണ സർവേ നടത്തുന്നത് ഹൈക്കമാൻഡ് ആണ്. എപി അനിൽകുമാറാണ് രാഷ്ട്രീയകാര്യ സമിതിയിൽ സർവേയെ പറ്റി ചോദ്യം ചെയ്തത്. സർവേ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു.
രണ്ട് ദിവസം മുമ്പ് നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിഡി സതീശനും എപി അനിൽകുമാറും തമ്മിലാണ് തർക്കമുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 60 മണ്ഡലങ്ങളിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ പാർട്ടിയോട് ചർച്ച ചെയ്യാതെ ആര് ഇതിന് അനുമതി നൽകിയെന്ന് അനിൽകുമാർ ചോദിച്ചു.
തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ വിഡി സതീശൻ ഇരുന്നു. തർക്കം തെറ്റായ സന്ദേശം നൽകുമെന്നും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ല എന്ന് പിജെ കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here