പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും

ദില്ലി: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാകിസ്ഥാന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് താക്കീതുമായി ഇന്ത്യ. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള പാകിസ്ഥാന്റെ നീക്കങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്ത്യയുടെ താക്കീത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്.ജനറല്‍ എ കെ ഭട്ടാണ് മുന്നറിയിപ്പ് നല്‍കിയത്. നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് ഇന്ത്യ ഉചിതമായ മറുപടി നല്‍കുമെന്നും എ കെ ഭട്ട് പറഞ്ഞു.

നിയന്ത്രണ രേഖയില്‍ സമാധാനം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ആത്മാര്‍ഥമായ നിലപാടാണുള്ളത്. എന്നാല്‍ ഇരു പക്ഷത്തുനിന്നുമുള്ള സഹകരണത്തോടെ മാത്രമേ അത് നടപ്പില്‍വരുത്താന്‍ പറ്റൂ. എന്നാല്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറുന്നതിന് പിന്‍തുണ നല്‍കുകയാണ് പാകിസ്താന്‍ സൈന്യം ചെയ്യുന്നത് എ.കെ ഭട്ട് വ്യക്തമാക്കി.
ഈ വര്‍ഷം മാത്രം നിയന്ത്രണരേഖയില്‍ 238 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്താന്‍ നടത്തിയത്. അടുത്ത ഏതാനും ദിവസങ്ങളില്‍ ഇത് വര്‍ധിച്ചതായും സൈന്യം വ്യക്തമാക്കുന്നു. 2014ല്‍ 153 തവണയും 2015ല്‍ 152 തവണയും പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിരുന്നു.

പാകിസ്ഥാന്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സയുമായി എ കെ ഭട്ട് ഹോട്ട് ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News