രാജ്‌കോട്ട് ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി; ദക്ഷിണാഫ്രിക്കയുടെ ജയം 18 റണ്‍സിന്

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 18 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 271 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

രാജ്‌കോട്ടില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗിനിറങ്ങി. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ഡേവിഡ് മില്ലറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഡി കോക്കും ഡു പ്ലേസിസുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മമാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. സെഞ്ച്വറി നേടിയ ഡി കോക്ക് റണ്‍ ഔട്ടായി. 60 റണ്‍സെടുത്ത ഡു പ്ലേസിസ് മൊഹിത് ശര്‍മയുടെ പന്തില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച് നല്‍കി മടങ്ങി. 4 റണ്‍സെടുത്ത ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിനെ അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. മൊഹിത് ശര്‍മ്മ രണ്ട് വിക്കറ്റ് നേടി. ഹര്‍ഭജന്‍ സിംഗ്, അമിത് മിശ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 65 റണ്‍സ് നല്‍കിയ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റൊന്നും നേടാനായില്ല.

77 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 65 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ നിരയില്‍ മാന്യമായ പ്രകടനം കാഴ്ചവെച്ചത്. 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനി മോര്‍ക്കലിന്റെ പന്തില്‍ സ്റ്റേയ്‌ന് ക്യാച്ച് നല്‍കി മടങ്ങി. 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത മോണ്‍ മോര്‍ക്കല്‍ മികച്ച പ്രകടനം പുറത്തെടുത്തു. ജെപി ഡുമിനിയും ഇമ്രാന്‍ താഹിറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തി. ആദ്യ മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അടുത്ത മത്സരം ചെന്നൈയില്‍ നടക്കും. നാലാമത്തെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. പരമ്പര സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് അടുത്ത മത്സരം ജയിച്ചേ തീരൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News