ദില്ലി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പടെയുള്ള ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാത്ത ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ല എന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്നും സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചു. ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചിന്റേതാണ് രൂക്ഷ വിമര്‍ശനം.
‘രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റ് നിയമം നിര്‍മ്മിക്കുന്നത്. ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ. നിയമം പറയുന്നത് ഇന്ത്യ മുഴുവന്‍ നടപ്പാക്കാന്‍ വേണ്ടിയാണ് നിയമം പാസാക്കുന്നത്. പക്ഷേ ഗുജറാത്ത് സര്‍ക്കാര്‍ ഇതൊന്നും നടപ്പാക്കുന്നില്ല. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം എന്നിവ നടപ്പാക്കുന്നില്ലെന്ന് കാട്ടി ചിലപ്പോള്‍ മറ്റാരെങ്കിലും കോടതിയെ സമീപിച്ചേക്കാം.’ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ വിമര്‍ശിച്ചു.
തൊഴിലുറപ്പ് നിയമം, ഭക്ഷ്യസുരക്ഷാ നിയമം, ഉച്ചഭക്ഷണ നിയമം തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നില്ല എന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വിഷയം. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കേസ് പരിഗണിച്ച ജനുവരി 18ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിട്ടു. തൊഴിലും ഭക്ഷണവും ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സ്വരാജ് അഭിയാന്‍ എന്ന സംഘടന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം. വരള്‍ച്ചാ മേഖലകളില്‍ ദുരിതബാധിതര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ തൊഴിലോ ലഭിക്കുന്നില്ല എന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ഭരണഘടനയുടെ 14, 21 ആര്‍ട്ടിക്കിളികള്‍ പ്രകാരമുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post