മലിംഗയെയും അശ്വിനെയും അഫ്രീദിയെയും പിന്തള്ളി കരീബിയന്‍ താരം അനീസ മുഹമ്മദ്; ട്വന്റി 20യില്‍ ആദ്യമായി നൂറു വിക്കറ്റ് തികച്ചത് വനിതാതാരം

ചെന്നൈ: ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്നലെ പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് വനിതാ ക്രിക്കറ്റ് മത്സരത്തില്‍ കൊടുങ്കാറ്റുകളെ തള്ളി അനീസയെന്ന കരീബിയന്‍ വനിതാ താരം തീര്‍ത്തത് റെക്കോഡ്. മലിഗയും അശ്വിനും അഫ്രിദിയും പിച്ചില്‍ കൊയ്ത വിക്കറ്റുകളേക്കാള്‍ മുന്നിലെത്തി അനീസ മുഹമ്മദെന്ന വെസ്റ്റ് ഇന്‍ഡീസ് ഓഫ് സ്പിന്നര്‍. ആദ്യമായി ട്വന്റി 20യില്‍ നൂറു വിക്കറ്റ് നേട്ടമാണ് അനീസ കൊയ്തത്. പുരുഷതാരങ്ങള്‍ക്കു കൈവരിക്കാനാവാത്ത നേട്ടങ്ങളാണ് അനീസ നേടിയതില്‍ അധികവും. ഇന്നലത്തെ മത്സരത്തോടെ ട്വന്റി 20 ക്രിക്കറ്റില്‍ നൂറു വിക്കറ്റ് നേടുന്ന ഒരേ ഒരു താരമായി അനീസ, ആണും പെണ്ണുമായി.

പാകിസ്താനെതിരേ ഇന്നലത്തെ മത്സരത്തില്‍ മൂന്നു വിക്കറ്റാണ് അനീസ വീഴ്ത്തിയത്. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചു. 82 മത്സരങ്ങളില്‍നിന്നാണ് അനീസയുടെ നേട്ടം. രണ്ടാം സ്ഥാനത്ത് പാകിസ്താന്റെ ഷാഹിദ് അഫ്രിദിയാണുള്ളത്. 95 വിക്കറ്റ്. 95 മത്സരങ്ങളില്‍നിന്നാണ് അഫ്രിദി ഈ നേട്ടത്തിലെത്തിയത്. ഓഫ് സ്പിന്‍ കൊണ്ട് ലോകത്തെ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരുടെയും പേടിസ്വപ്‌നമായ രവിചന്ദ്ര അശ്വിനാവട്ടെ 39 മത്സരങ്ങളില്‍നിന്ന് ഇതുവരെ വീഴ്ത്തിയത് 47 വിക്കറ്റുകള്‍ മാത്രം. ട്വന്റി 20യില്‍ ഒന്നിലേറെത്തവണ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മൂന്നു താരങ്ങളേയുള്ളു. അതിലൊന്നും അനീസയാണ്.

ഏകദിനത്തില്‍ ഒരു ബൗളറുടെ ക്വാട്ടയായ പത്തോവറില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്തതിനുള്ള റെക്കോഡും അനീസയുടെ പേരിലാണ്. 27 വയസുകാരിയായ ഈ ട്രിനിഡാഡുകാരി പതിനാലാം വയസിലാണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. പതിനഞ്ചാം വയസില്‍ വിന്‍ഡീസ് ടീമിലെത്തി. 2005, 2009 വനിതാ ലോകകപ്പുകളിലും 2009,2010 ട്വന്റി 20 ലോകകപ്പുകളിലും വിവിധ രാജ്യങ്ങളില്‍ നടന്ന പരമ്പരകളിലും ടീമംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News