ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സര്‍ക്കാര്‍; 16 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം; ആര്‍.നിഷാന്തിനിക്കും പി.എന്‍ ഉണ്ണിരാജനും സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വീണ്ടും അഴിച്ചുപണി. 16 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥലം മാറ്റം ഉണ്ടായിട്ടുണ്ട്. നിഷാന്തിനിക്കും പി.എന്‍ ഉണ്ണിരാജനും രാജ്പാല്‍ മീണയ്ക്കും ഉമ ബെഹ്‌റയ്ക്കും സ്ഥലം മാറ്റമുണ്ട്. ദേശീയ സര്‍വീസില്‍ നിന്നും സംസ്ഥാന സര്‍വീസിലേക്കു തന്നെ തിരിച്ചെത്തിയ അനൂപ് കുരുവിള ജോണിനെയും സ്ഥലം മാറ്റി. ഇന്നലെ നടത്തിയ സ്ഥലം മാറ്റത്തിനു പുറമേയാണ് പുതിയ സ്ഥലം മാറ്റം.

എന്‍ഐയില്‍ നിന്ന് സംസ്ഥാന പൊലീസിലേക്കു തിരിച്ചെത്തിയ അനൂപ് കുരുവിള ജോണിനെ കേപയുടെ അസിസ്റ്റന്‍ഡ് ഡയറക്ടറായിട്ടാണ് മാറ്റിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായിരുന്ന എ.അക്ബര്‍ ഐപിഎസിനെ തിരുവനന്തപുരം എസ്ബിസിഐഡി സെക്യൂരിറ്റി വിഭാഗം എസ്പി ആയി സ്ഥലം മാറ്റി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന കോരി സഞ്ജയ് കുമാര്‍ ഗരുഡന്‍ ഐപിഎസിനെ കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആയി സ്ഥലം മാറ്റി.

എസ്ബിസിഐഡി ഇന്റേണല്‍ സെക്യൂരിറ്റി സൂപ്രണ്ട് ആയിരുന്ന രാജ്പാല്‍ മീണയെ റെയില്‍വേ പൊലീസില്‍ സൂപ്രണ്ട് ആയി നിയമിച്ചു.കോഴിക്കോട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ഉമ ബെഹ്‌റയെ കോഴിക്കോട് എസ്‌ഐയു സൂപ്രണ്ട് ആയി മാറ്റി നിയമിച്ചു. എംഎസ്പി കമാന്‍ഡന്റ് ആയിരുന്ന പി.എ വല്‍സനെ ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡന്റ് ആയി മാറ്റി നിയമിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ മേധാവി സ്ഥാനത്തു നിന്ന് എസ്‌ഐയു തിരുവനന്തപുരം ആയിട്ടാണ് നിഷാന്തിനിയെ മാറ്റിയത്.

എറണാകുളം റൂറല്‍ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് പി.എന്‍ ഉണ്ണിരാജനെ എറണാകുളം സിബിസിഐഡി സൂപ്രണ്ട് ആയും നിയമിച്ചു. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട് ആയിരുന്ന തോംസണ്‍ ജോസ് ഐപിഎസിനെ എറണാകുളം വി ആന്‍ഡ് എസിബി സൂപ്രണ്ട് ആയി നിയമിച്ചു. പാലക്കാട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ഡോ.എ ശ്രീനിവാസിനെ മാറ്റി സിബിസിഐഡി കണ്ണൂര്‍ സൂപ്രണ്ട് ആയി മാറി നിയമിച്ചു.

ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡന്റ് ആയിരുന്ന പി.എസ് ഗോപി ഐപിഎസിനെ എംഎസ്പി കമാന്‍ഡന്റ് ആയാണ് മാറ്റിയത്. വയനാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാര്‍ത്തിക്കിനെ തിരുവനന്തപുരം എസ്ബിസിഐഡി സൂപ്രണ്ട് ആയിട്ടാണ് സ്ഥലം മാറ്റിയിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന കോസ്റ്റല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയി സ്ഥലം മാറ്റി. തൃശ്ശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവിയായിരുന്ന ജെ.ഹിമേന്ദ്രനാഥ് തിരുവനന്തപുരം ഐസിടി സൂപ്രണ്ട് ആയി.

അവധി കഴിഞ്ഞെത്തിയ കിരണ്‍ നാരായണനെ ഇരിങ്ങാലക്കുട അസിസ്റ്റന്റ് സൂപ്രണ്ട് ആയി നിയമിച്ചു. ഐപിഎസ് ആയി ഇന്‍ഡക്ട് ചെയ്യപ്പെട്ട സാം ക്രിസ്റ്റി ഡാനിയേലിനെ തിരുവനന്തപുരം എസ്ബിസിഐഡി സൂപ്രണ്ട് ആയി നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News