2020-ഓടെ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള രാജ്യത്തെ ആദ്യ ദേശീയപാതാ ഇടനാഴി നിലവില്‍ വരും. ഡല്‍ഹി-ജയ്പുര്‍, ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ക്കിടയിലായി 500 കിലോമീറ്റര്‍ നീളത്തിലായിരിക്കും പാത. ടോള്‍ പ്ലാസകളുടെ ഇരുഭാഗങ്ങളിലുമായി 18 ചാര്‍ജിങ് സ്റ്റേഷനുകളാകും വരുക. കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെയുള്ള സ്വകാര്യസ്ഥാപനമായ അഡ്വാന്‍സ് സര്‍വീസസ് ഫോര്‍ സോഷ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസാണ് (എ.എസ്.എസ്.എ.ആര്‍.) പദ്ധതി മുന്നോട്ടുവെച്ചത്. സെപ്റ്റംബറോടെ പരീക്ഷണയോട്ടം തുടങ്ങുമെന്നും 2020 മാര്‍ച്ചോടെ തുറന്നുകൊടുക്കുമെന്നും നാഷണല്‍ ഹൈവേ ഫോര്‍ ഇലക്ട്രിക് വെഹിക്കിള്‍ 2020 പദ്ധതിയുടെ ഡയറക്ടര്‍ അഭിജീത് സിന്‍ഹ അറിയിച്ചു.ഒരു ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ ചെലവ് രണ്ടുകോടി രൂപവരെയാണ്. വൈദ്യുതിനിരക്കു ഇതിനുപുറമെവരും. ഒരു കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയ്ക്കു 20 കോടിരൂപവരെ വേണ്ടിവരും.