ബൊളീവിയയില്‍ അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷം പട്ടാളത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറിയില്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് ഇവോ മൊറാലിസ് പുറത്തായി. ഒക്ടോബര്‍ 20ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൊറാലിസ് വീണ്ടും വിജയിച്ചത് അംഗീകരിക്കാതെയാണ് പ്രതിപക്ഷം അട്ടിമറി നടത്തിയത്.

ഇവര്‍ നടത്തിവന്ന അക്രമസമരം അവസാനിപ്പിക്കാന്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മൊറാലിസ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് സേനാ തലവന്‍ ജനറല്‍ വില്യം കലിമ ടെലിവിഷനിലൂടെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം രാജിപ്രഖ്യാപിച്ചു. മൊറാലിസ് വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ അദ്ദേഹത്തെ തടവിലാക്കാന്‍ വലതുപക്ഷം നീക്കം ആരംഭിച്ചു.

കഴിഞ്ഞമാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം ഒരുദിവസം വൈകിയതിന്റെ പേരിലാണ് വലതുപക്ഷം ക്രമക്കേട് ആരോപിച്ച് തെരുവിലിറങ്ങിയത്. ഇവര്‍ അക്രമം ആരംഭിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് മാധ്യമസ്ഥാപനങ്ങള്‍ പിടിച്ചെടുത്ത അട്ടിമറിക്കാര്‍ മൊറാലിസിന്റെ സഹോദരിയുടെ വീടടക്കം ആക്രമിച്ചു. ഞായറാഴ്ച മൊറാലിസിന്റെയും പ്രസിഡന്‍സി മന്ത്രി ഹുവാന്‍ റമോണ്‍ ക്വിന്റാനെയുടെയും മറ്റ് നിരവധി നേതാക്കളുടെയും വസതികള്‍ ആക്രമിച്ചു. ക്വിന്റാനെയുടെ വീട്ടില്‍നിന്ന് സര്‍ക്കാര്‍ രേഖകളടക്കം കടത്തിക്കൊണ്ടുപോയി.

തന്റെ സഹോദരീസഹോദരന്മാരായ ജനങ്ങളും നേതാക്കളും ഭരണകക്ഷിയായ ‘മൂവ്മെന്റ് ടുവേഡ്സ് സോഷ്യലിസം’ ഭാരവാഹികളും തുടര്‍ന്നും ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് താന്‍ രാജിവയ്ക്കുന്നതെന്ന് മൊറാലിസ് അറിയിച്ചു. ഇതുകൊണ്ട് പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അത് തുടരുകയാണെന്നും മൊറാലിസ് പ്രഖ്യാപിച്ചു.

അമേരിക്കന്‍ നിയന്ത്രണത്തിലുള്ള മേഖലാ കൂട്ടായ്മയായ ‘അമേരിക്കന്‍ രാഷ്ട്ര സംഘടന’ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ആരോപിച്ചതിന് പിന്നാലെയാണ് മൊറാലിസ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് അംഗീകരിക്കാതെയായിരുന്നു സേനാ തലവന്റെ ഇടപെടല്‍.

സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതാക്കളുടെയും സുരക്ഷയ്ക്കുണ്ടായിരുന്ന ഭടന്മാരെ അട്ടിമറിക്ക് മുന്നോടിയായി സേനയുടെയും സായുധ പൊലീസിന്റെയും അധിപന്മാര്‍ പിന്‍വലിച്ചിരുന്നു. മൊറാലിസിന്റെ 13 വര്‍ഷത്തെ ഭരണത്തില്‍ ബൊളീവിയയിലെ പ്രകൃതി വിഭവങ്ങള്‍ ദേശസാല്‍ക്കരിച്ചതടക്കമുള്ള നടപടികള്‍ അമേരിക്കയുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരുന്നു.

മേഖലയിലെ ഏറ്റവും ദരിദ്ര രാജ്യമായ ബൊളീവിയയുടെ ജിഡിപി മൊറാലിസ് ഭരണത്തില്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും വളര്‍ച്ചയുള്ളതായി. രാജ്യത്തെ 20 ലക്ഷത്തില്‍പ്പരമാളുകള്‍ ദാരിദ്ര്യത്തില്‍നിന്ന് മോചിതരായി.