ഫസല്‍ കേസ് തുടരന്വേഷണം: ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളുടെ കുറ്റസമ്മത മൊഴി നിര്‍ണ്ണായക തെളിവാകും

ഫസല്‍ കേസ് തുടരന്വേഷണത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുപ്പി സുബീഷ് നടത്തിയ കുറ്റസമ്മത മൊഴിയും ഷിനോജുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയും പ്രധാന തെളിവായി മാറും. സി ബി ഐ പ്രതി പട്ടികയിലുള്ള രണ്ടു പേരുടെ പോളിഗ്രാഫ് ടെസ്റ്റില്‍ അവര്‍ ഫസലിനെ ഒരിക്കലും കണ്ടിട്ടില്ലെന്നും വ്യക്തമായിരുന്നു. ദൃക്സാക്ഷികളുടെ മൊഴികളിലെ വൈരുധ്യവും സി ബി ഐ അന്വേഷണം നേര്‍ ദിശയില്‍ ആയിരുന്നില്ല എന്നതിന്റെ തെളിവാണ്.

ഫസല്‍ വധത്തിന്റെ ആസൂത്രണവും താന്‍ അടക്കം നാല് പേര്‍ ചേര്‍ന്ന് കൊല നടത്തിയതും കുപ്പി സുബീഷ് കുറ്റസമ്മത മൊഴിയില്‍ ഏറ്റു പറയുന്നുണ്ട്. ആര്‍ എസ് എസ് നേതാവുമായി സുബീഷ് നടത്തിയ ഫോണ്‍ സംഭാഷണത്തിലും ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഷിനോജ് സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഫസല്‍ വധത്തിലെ ആര്‍ എസ് എസ് പങ്ക് വ്യക്തമാണ്. ഇതുവരെ സി ബി ഐ ഇത് തെളിവായി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

പ്രതിപ്പട്ടികയിലുള്ള ബിജു, ജിതേഷ് എന്നിവരുടെ പോളിഗ്രാഫ് ടെസ്റ്റില്‍ ഫസലിനെ ഇവര്‍ കണ്ടിട്ടേയില്ല എന്ന് വ്യക്തമായെങ്കിലും ഇതും സി ബി ഐ മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍ തുടരന്വേഷണത്തില്‍ ഈ തെളിവുകള്‍ അവഗണിച്ച് പുതിയ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാനാകില്ല. ഫസല്‍ കേസില്‍ ഇതുവരെയുള്ള അന്വേഷണം നേര്‍ ദിശയില്‍ ആയിരുന്നില്ലെന്നും സാക്ഷി മൊഴികളില്‍ ഉള്‍പ്പെടെ അടിമുടി വൈരുധ്യങ്ങളാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ ചൂണ്ടിക്കാട്ടി.

പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാകണം എന്ന കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും അഭ്യര്‍ത്ഥന സി ബി ഐ അംഗീകരിക്കാത്തതും ദുരൂഹമാണ്. ഫസല്‍ വധം സി പി ഐ എമ്മിന്റെ തലയില്‍ കെട്ടി വയ്ക്കാനും നങ്ങാറത്ത് പിടികയിലെ ജിജേഷിനെ കൊലപ്പെടുത്തി ഫസല്‍ വധത്തിന് പ്രതികാരമായി എന്‍ ഡി എഫ് ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനും ആര്‍ എസ് എസ് ശ്രമിച്ചു. സത്യസന്ധമായ അന്വേഷണം നടന്നാല്‍ ആര്‍ എസ് എസ് നേതാക്കള്‍ ഉള്‍പ്പെടെ ഫസല്‍ കേസില്‍ അഴിക്കുള്ളിലാകാന്‍ സാധ്യതയുള്ള തെളിവുകളാണ് ഇവയെല്ലാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News