കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസും.കോഴിക്കോട് സ്വദേശിനിയായ യുവതിയുടെയും മകളുടെയും പരാതിയിലാണ് ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തത്.
നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റൊരു പ്രതിയായ ഷൈജു തങ്കച്ചനെ പോക്സോ കേസിലും പ്രതിചേര്‍ത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയില്‍ പറയുന്നത്.ഷൈജു തങ്കച്ചനും സുഹൃത്തായ യുവതിയും ചേര്‍ന്ന് വിളിച്ചതിനെത്തുടര്‍ന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയും മകളും ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെത്തിയത്.
രാത്രിയില്‍ പാര്‍ട്ടി നടക്കുന്നതിനിടെ ഹോട്ടലുടമ റോയ് വയലാട്ട് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.മാത്രമല്ല പീഡനശ്രമം മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. ഇതെത്തുടര്‍ന്നാണ് റോയ് വയലാട്ടിനെതിരെ പോക്സോ വകുപ്പുപ്രകാരം ഫോര്‍ട്ടു കൊച്ചി പൊലീസ് കേസെടുത്തത്.
റോയിയുടെ സുഹൃത്ത് ഷൈജു തങ്കച്ചനെതിരെയും ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദത്തിലായ ഹോട്ടലാണ് നമ്പര്‍ 18.
ഫോര്‍ട്ട് കൊച്ചിയിലെ ഈ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവെ ഇക്കഴിഞ്ഞ നവംബര്‍ 1ന് പുലര്‍ച്ചെയാണ് മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചത്. ഹോട്ടലുടമ റോയ് വയലാട്ടിന്‍റെ സുഹൃത്തായ ഷൈജു തങ്കച്ചന്‍ യുവതികളെ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മാത്രമല്ല ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.ഇതെത്തുടര്‍ന്ന് റോയ് വയലാട്ട്,ഷൈജു തങ്കച്ചന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു.
മോഡലുകളുടെ മരണം സംഭവിച്ചതിന് 10 ദിവസം മുന്‍പാണ് പോക്സോ കേസിനാധാരമായ സംഭവം നമ്പര്‍ 18 ഹോട്ടലിലുണ്ടായതായി പരാതിയില്‍ പറയുന്നത്.മോഡലുകളുടെ മരണം അന്വേഷിച്ച പ്രത്യേക സംഘത്തിന് പോക്സോ കേസും കൈമറാനാണ് തീരുമാനിച്ചിരിക്കുന്നത്.പുതിയ കേസ് ഏറ്റെടുത്തയുടന്‍ റോയ് വയലാട്ടിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

