അശരണരായ സഹകാരികള്‍ക്ക് ആശ്വാസ നിധി പദ്ധതി നടപ്പിലാക്കന്‍ തീരുമാനം

അശരണരായ സഹകാരികളുടെ ചികിത്സയ്ക്കും രോഗശുശ്രൂഷയ്ക്കുമായി പരമാവധി 50,000 രൂപ വരെ സഹായധനമായി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. അശരണരും ആലംബഹീനരുമായ സഹകാരികള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് ഈ പദ്ധതി വഴി സഹായം ലഭിക്കും.

ജീവിതകാലം മുഴുവന്‍ സഹകരണ മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും വാര്‍ദ്ധക്യകാലത്ത് വരുമാനമില്ലാതെ അവശരാകുകയും ചെയ്തവരെ പരിഗണിക്കുകയാണ് സഹകരണ വകുപ്പ്. മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

അപേക്ഷ നല്‍കിയാല്‍ കാലതാമസമില്ലാതെ സഹായം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണ മേഖലയില്‍ താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ വളരെക്കാലം പ്രവര്‍ത്തിക്കുകയും സഹകരണ മേഖലയുടെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്തവര്‍ക്കാണ് ആശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കുക.

അര്‍ഹതപ്പെട്ട സഹകാരി മരണപ്പെട്ട് പോയെങ്കില്‍ ഇവരുടെ ആശ്രിതര്‍ക്ക് 25,000 രൂപയും സഹായധനമായി നല്‍കും. ദീര്‍ഘകാലമായുള്ള സഹകാരികളുടെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ സ്ഥിരമായി താമസിക്കുന്ന പരിധിയിലുള്ള അസിസ്റ്റന്റ് രജിസ്ട്രാര്‍/സര്‍ക്കിള്‍ യൂണിയന്‍ സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ആവശ്യമായ സാക്ഷ്യപത്രങ്ങളും അപേക്ഷയോടൊപ്പം ചേര്‍ക്കണം.

ഈ അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം വിശദമായ പരിശോധന നടത്തി ജോയിന്റ് രജിസ്ട്രാര്‍ മുഖാന്തിരം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കണം. രജിസ്ട്രാറാണ് സംസ്ഥാന തല സമിതിയുടെ അംഗീകാരം തേടാനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. സഹകരണ വകുപ്പ് മന്ത്രിയായിരിക്കും സംസ്ഥാന തല സമിതിയുടെ ചെയര്‍മാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here