പിണറായി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇടതുവിരുദ്ധരെ അലട്ടുന്നു; എം എ ബേബി

കേരളത്തില്‍ യുഡിഎഫിന്റെ അക്കൗണ്ടും പൂട്ടുമെന്ന ഭയമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് പിന്നിലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഇഎംഎസ് അക്കാദമിയില്‍ നടന്ന ഇഎംഎസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാര്‍ പറഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്നത് കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും ഇടതുവിരുദ്ധരെയും അലട്ടുകയാണ്. നടക്കില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഉപേക്ഷിച്ച ഗെയില്‍വാതക പൈപ്പ്ലൈന്‍, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ എന്നിവയെല്ലാം പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. കള്ളപ്രചരണം നടത്തിയാണ് ചിലര്‍ ആളുകളെ മണ്ണെണ്ണ കുപ്പിയുമായി രംഗത്തിറക്കിയിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കരിവാരി തേക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പും ശ്രമമുണ്ടായി. ഇതിനെ അതിജീവിച്ചാണ് എല്‍ഡിഎഫ് തുടര്‍ഭരണം നേടിയത്. ഒരുവശത്ത് കള്ളപ്രചരണവും മറുവശത്ത് ജനങ്ങളുടെ നേരനുഭവങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.
ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന സമയത്താണ് ഇഎംഎസ് അന്തരിച്ചത്.

മരണസമയത്തും അദ്ദേഹം ബിജെപിയുടെ വര്‍ഗീയ നിലപാടുകളെ എങ്ങനെ പരാജയപ്പെടുത്തണം എന്ന് വിശദീകരിക്കുന്ന ലേഖന പരമ്പര പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം മരിച്ചത്. ആ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇന്നും പ്രസക്തമാണ്. പൂര്‍ത്തിയാക്കാത്ത ലേഖന പരമ്പരയില്‍ അദ്ദേഹം പറയാനാഗ്രഹിച്ച കാര്യങ്ങളുടെ തുടര്‍പ്രവര്‍ത്തനം ഏറ്റെടുക്കുകയെന്ന കടമയാണ് കാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇഎംഎസ് അക്കാദമിയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാര്‍, വി ജോയ് എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പുത്തന്‍കട വിജയന്‍, കെ സി വിക്രമന്‍, കെ എസ് സുനില്‍കുമാര്‍, എംഎല്‍എമാരായ ജി സ്റ്റീഫന്‍, ഐ ബി സതീഷ് എന്നിവര്‍ സംസാരിച്ചു. വിളപ്പില്‍ ഏരിയാ സെക്രട്ടറി ആര്‍ പി ശിവജി സ്വാഗതവും ലോക്കല്‍ സെക്രട്ടറി പി ഷണ്‍മുഖന്‍ നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here