A Sampath:ഇന്ത്യന്‍ പാര്‍ലമെന്റ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എ സമ്പത്ത്;കുറിപ്പ് ശ്രദ്ധേയമാകുന്നു

70 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എ സമ്പത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. (A Sampath)എ സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

70 പിന്നിടുന്ന ഇന്ത്യന് പാര്ലമെന്റ് നേരിടുന്ന വെല്ലുവിളികള്

ഡോ.എ.സമ്പത്ത്
ഇന്ത്യന് പാര്ലമെന്റ് 70 വര്ഷങ്ങള് പിന്നിടുകയാണ്. പത്ത് വര്ഷങ്ങള്ക്കു മുമ്പ് വജ്രജൂബിലി ആഘോഷിച്ചപ്പോള് ഒരു ഞായറാഴ്ച ദിവസം (മേയ് 13) പാര്ലമെന്റ് പ്രവര്ത്തിക്കുക എന്ന അത്യപൂര്വ്വ സംഭവമായിരിക്കും നടന്നത്. പാര്ലമെന്റ് കലണ്ടറിലില്ലാത്ത ഒരു ദിവസം ലോക്സഭയും രാജ്യസഭയും പ്രത്യേക സമ്മേളനം ചേരുകയെന്ന നടപടി. ഇന്ത്യന് പാര്ലമെന്റിന്റെ അറുപത് വര്ഷത്തെ യാത്രയെക്കുറിച്ച് ആ പ്രത്യേക ദിന സമ്മേളനത്തില് നടന്ന ചര്ച്ചകള് ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുന്നു. ചോദ്യോത്തര വേളയോ മറ്റ് ഔദ്യോഗിക നടപടി ക്രമങ്ങളോയില്ലാത്ത അത്തരമൊരു സമ്മേളനത്തില് പങ്കെടുക്കാന് അസുലഭമായ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്. ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ അമ്പതാമത് വാര്ഷികം പ്രമാണിച്ച് 1997, ആഗസ്റ്റില് ചേര്ന്ന ലോക്സഭയുടെ പ്രത്യേക സമ്മേളനത്തില് നമ്മുടെ മാതൃഭാഷയായ മലയാളത്തില് പ്രസംഗിക്കാന് അവസരം ലഭിച്ചതും അഭിമാനകരം!

ഇന്ത്യന് പാര്ലമെന്റ് എന്നത് രാഷ്ട്രപതിയും ലോക്സഭയും രാജ്യസഭയും ചേര്ന്നതാണ്. പാര്ലമെന്റ് സമ്മേളനം വിളിച്ചു ചേര്ക്കുന്നതും പിരിയുന്നതും ലോക്സഭ പിരിച്ചുവിടുന്നതും രാഷ്ട്രപതിയുടെ വിജ്ഞാപനം മുഖേനയാണ്. ഒരു കലണ്ടര് വര്ഷത്തിലെ ആദ്യ സമ്മേളനത്തിലെ ആദ്യദിനത്തിലെ ആദ്യ നടപടി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമാണ്. ബഡ്ജറ്റ് സെഷന്, മണ്സൂണ് സെഷന്, ശൈത്യകാല സെഷന് എന്നിവയാണ് സാധാരണ ഒരു കൊല്ലത്തില് നടക്കാറുള്ളവ. ബഡ്ജറ്റ് സെഷനാണ് ഏറ്റവും നീണ്ടതും സര്ക്കാരിന് ഏറ്റവും പ്രധാനവും. ബഡ്ജറ്റുള്പ്പെടെയുള്ള ധനബില്ലുകള് ലോക്സഭയാണ് ചര്ച്ച ചെയ്ത് പാസ്സാക്കേണ്ടത്.
രാഷ്ട്രത്തലവനായി പ്രസിഡന്റിനെയാണ് (രാഷ്ട്രപതി) ഭരണഘടനയില് വിവക്ഷിച്ചിട്ടുള്ളതെങ്കിലും ഇന്ത്യ ഒരു പ്രസിഡന്ഷ്യല് ഭരണസംവിധാനമല്ല നിജപ്പെടുത്തിയിട്ടുള്ളത്; പാര്ലമെന്ററി ജനാധിപത്യവും കാബിനറ്റ് സംവിധാനവുമാണ്. ബ്രിട്ടീഷ് ഭരണം നമുക്ക് നല്കിയ ആശയങ്ങളിലും രാഷ്ട്രീയ സംഭാവനകളിലും പരമപ്രധാനം പാര്ലമെന്ററി ജനാധിപത്യ വ്യവസ്ഥ തന്നെ. ഭാരതമെന്ന അമൂര്ത്തമായ സങ്കല്പത്തിന് രാഷ്ട്രീയ മാനവും യാഥാര്ത്ഥ്യ ബോധവും നല്കിയത് പാര്ലമെന്ററി ജനാധിപത്യ സംവിധാനം തന്നെയാണ്. ”ഒരാള്ക്ക് ഒരു വോട്ട്” എല്ലാ ജനവിഭാഗങ്ങള്ക്കും പ്രായപൂര്ത്തി വോട്ടവകാശം-ഈ വോട്ടുപെട്ടിക്കു മുന്നിലെ തുല്യത ഭൗതികമോ ആത്മീയമോ ആയ മറ്റേതൊരു രംഗത്താണ് പാലിക്കപ്പെടുന്നത്? നിലവില് പ്രായപൂര്ത്തി വോട്ടവകാശം എന്നത് 18 വയസ്സാണ്. ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി 25 ആണ്; രാജ്യസഭയിലേയ്ക്കാകട്ടേ 30 വയസ്സും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരെഞ്ഞെടുപ്പ് മുതല് (1952) സ്ത്രീകള്ക്കും വോട്ടവകാശം അനുവദിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലെ ജനങ്ങള് തെരെഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ചിട്ടുള്ള പാര്ലമെന്റ് മണ്ഡലത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭയിലേയ്ക്ക് എം.പി.മാരെ നേരിട്ട് തെരെഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതല് വോട്ട് കിട്ടുന്ന സ്ഥാനാര്ത്ഥിയെയാണ് വിജയിയായി പ്രഖ്യാപിക്കുക. അതുകൊണ്ട് തന്നെ 50% ത്തിലേറെ വോട്ടുകള് ഭിന്നിച്ചു പോകുമ്പോള് ഒരു സഭയിലും അവരുടെ ശബ്ദം പ്രതിനിധീകരിക്കപ്പെടുന്നില്ല. പതിറ്റാണ്ടുകള്ക്കു മുമ്പേ ഇ.എം.എസ്. ഉള്പ്പെടെയുള്ള നേതാക്കള് സമഗ്രമായ തെരെഞ്ഞെടുപ്പ് സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനായി ആവശ്യപ്പെട്ടിരുന്നു. സിപിഐ(എം) ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കണമെന്നും കൂടുതല് പ്രാതിനിധ്യ സ്വഭാവം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെടുന്നു.
ലോക്സഭയുടെ കാലാവധി അഞ്ചുവര്ഷമാണ്. ‘സംസ്ഥാനങ്ങളുടെ കൗണ്സില്‘ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് രാജ്യസഭ. ‘ജനങ്ങളുടെ സഭ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക്സഭയില് ഭൂരിപക്ഷമുള്ള കക്ഷി (മുന്നണി) നേതാവ് പ്രധാനമന്ത്രിയായി യൂണിയന് മന്ത്രിസഭ- കാര്യനിര്വഹണ സമിതി (എക്സിക്യൂട്ടീവ്) നിയമനിര്മാണ സഭയോട് ഉത്തരവാദിത്തമുള്ളതായിരിക്കും. നിയമനിര്മാണ സഭ (ലെജിസ്ലേറ്റര്) യുടേയും എക്സിക്യൂട്ടീവിനേയും നടപടികളേയും അനുശാസനങ്ങളേയും പരിശോധിക്കാന് ഭരണഘടനാദത്തമായ അധികാരവും ചുമതലയുമുള്ള നീതിന്യായ വ്യവസ്ഥ (ജുഡീഷ്യറി) ഭാരതത്തിന്റെ സവിശേഷതയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള് തെറ്റുതിരുത്തല് ശക്തിയായി പ്രവര്ത്തിക്കേണ്ടതുണ്ട്. എന്നാല് വാണിജ്യ, വ്യവസായ, മൂലധന താല്പര്യങ്ങള് പിടിമുറുക്കിയിട്ടുള്ള ആധുനിക മാധ്യമ രംഗം (അച്ചടി, ദൃശ്യ, ശ്രവ്യ, സമൂഹ മാധ്യമ ശൃംഖലയുള്പ്പെടെ) ‘ക്രോസ് ഓണര്ഷിപ്പി’ന്റെ കിനാവള്ളിക്കരങ്ങളില് അമര്ന്നിരിക്കുകയാണ്.
1919 ലെ മോണ്ടേഗ്-ചെംസ്ഫോര്ഡ് പരിഷ്കാരങ്ങളെത്തുടര്ന്ന് നിലവില് വന്ന സെന്ട്രല് ലെജിസ്ലേറ്റീവ് അസംബ്ലിയും, പിന്നീട് 1946 ല് നിലവില് വന്ന കോണ്സ്റ്റിറ്റ്യുവന്റ് അസംബ്ലിയും, 1950 ജനുവരി 28 മുതല് 1952 ഫെബ്രുവരി 5 വരെ പ്രൊവിഷണല് പാര്ലമെന്റുമാണ് നിയമനിര്മാണങ്ങള് നടത്തിയത്. 1947 ല് ബ്രിട്ടനില് നിന്നും സ്വതന്ത്രമായ ഇന്ത്യയ്ക്ക് ലിഖിതമായ ഭരണഘടന നിര്മ്മിക്കാനാണ് കോണ്സ്റ്റിറ്റ്യുവന്റ് അസംബ്ലി രൂപീകരിച്ചത്. ഇതിലെ അംഗങ്ങള് തന്നെയാണ് ആദ്യത്തെ ലോക്സഭ നിലവില് വരുന്നതുവരെ പ്രൊവിഷണല് പാര്ലമെന്റിലെ അംഗങ്ങളായി പ്രവര്ത്തിച്ചത്.
ബ്രിട്ടന് (U.K.) ഇന്നും എഴുതപ്പെട്ട ഭരണഘടനയല്ല നിലവിലുള്ളത്. ഒരു യൂണിറ്ററി രാഷ്ട്രമായ UK ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‘ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പാര്ലമെന്റ് പാസ്സാക്കിയ നിയമങ്ങളും ജുഡീഷ്യറിയുടെ ഉത്തരവുകളും നാട്ടുനടപ്പുകളും കീഴ് വഴക്കങ്ങളും ഒക്കെക്കൂടി ചേര്ന്നതാണ് അവരുടെ ഭരണഘടന. നൂറ്റാണ്ടുകളായി ആ പാര്ലമെന്ററി വ്യവസ്ഥ അഭംഗുരം തുടരുന്നുവെന്നത് ചരിത്ര, രാഷ്ട്രീയ, നിയമ വിദ്യാര്ത്ഥികള്ക്ക് അത്ഭുതമാണ്; 1215 ലെ ‘മാഗ്നാകാര്ട്ട’ മുതല് ആരംഭിക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ അലംഘനീയമായ വിധിയെഴുത്തുകള്
നാം ഒരു ഫെഡറല് രാഷ്ട്രമാണെന്ന് ഇന്ത്യന് ഭരണഘടന തന്നെ അംഗീകരിക്കുന്നു; അത് പരസ്യമായി പ്രഖ്യാപിക്കുന്നില്ലായെങ്കിലും അനുച്ഛേദം ഒന്ന് അര്ത്ഥമാക്കുന്നത് അതുതന്നെയാണ്.(India, that is Bharat, shall be a Union of States). ജനങ്ങളുടെ സഭയായ ലോക്സഭയും സംസ്ഥാനങ്ങളുടെ സഭയായ രാജ്യസഭയും നമ്മുടെ ഫെഡറല് സംവിധാനത്തിന്റെ അനിവാര്യമായ രണ്ട് ചക്രങ്ങളാണ്. രാജ്യസഭ ഒരിക്കലും പിരിച്ചുവിടപ്പെടുന്നില്ല. അതിലെ 223 M.P.മാരെ വിവിധ സംസ്ഥാനങ്ങളിലെ MLA മാര് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ആറു വര്ഷത്തേയ്ക്ക് തിരഞ്ഞെടുക്കുന്നു. 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില് നിന്ന് 530 M.P.മാരേയും യൂണിയന് ടെറിറ്ററിയില് നിന്ന് 20 M.P.മാരേയുമാണ് നിലവിലെ ഭരണഘടന അനുസരിച്ച് പരമാവധി തിരഞ്ഞെടുക്കപ്പെടാവുന്നത്. ഇപ്പോഴത്തെ പരമാവധി അംഗസംഖ്യ 543 ആണ്. ന്യൂനപക്ഷ വിഭാഗമായ ആംഗ്ലോ ഇന്ത്യന് സമുദായത്തിന് ലോക്സഭയിലേയ്ക്കുള്ള, നാമനിര്ദ്ദേശം ചെയ്യപ്പെടുന്ന രണ്ട് നോമിനേറ്റഡ് M.P. സ്ഥാനവും സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള നോമിനേറ്റഡ് MLA സ്ഥാനവും 104-ാമത് ഭരണഘടന ഭേദഗതിയോടെ ബിജെപി സര്ക്കാര് റദ്ദാക്കി.
1951 ഒക്ടോബര് 25 മുതല് 1952 ഫെബ്രുവരി 21 വരെയാണ് ആദ്യത്തെ ലോക്സഭാ തെരെഞ്ഞെടുപ്പ് നടന്നത്. 1952 മേയ് 13 നാണ് ലോക്സഭ ആദ്യമായി യോഗം ചേര്ന്നത്. 489 M.P.മാരെയാണ് തെരെഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടെ രാഷ്ട്രത്തില് നിലനില്ക്കുന്നത്. ലിഖിതമായ ഏറ്റവും വലിയ ഭരണഘടനയും നമ്മുടേതാണ്. ഒരു കാലത്ത് രാഷ്ട്രീയ ഇന്ത്യയുടെ പര്യായമായി ചിലരെങ്കിലും ഇന്ത്യന് നാഷണല് കോണ്ഗ്രസ്സിനെ വിശേഷിപ്പിക്കാന് ധൈര്യപ്പെട്ടിരുന്നു. ഇന്ത്യന് രാഷ്ട്രീയത്തിലെ മഹാമേരുക്കളുടെ കാലം. പണ്ഡിറ്റ് ജവഹര് ലാല് നെഹ്റുവിന്റെ മന്ത്രിസഭയില് പ്രഗത്ഭന്മാരുടെ നിര. എ.കെ.ജി.പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവ്.
സംസ്ഥാന നിയമസഭകളില് ഭൂരിപക്ഷമുണ്ടായിരുന്ന സര്ക്കാരുകളെ പിരിച്ചുവിടുന്ന പ്രക്രിയ ഭരണഘടനയുടെ അനുച്ഛേദം 356 ദുരുപയോഗപ്പെടുത്തിക്കൊണ്ട് 1959 ല് കേരളത്തിലാണ് അരങ്ങേറിയത്. E.M.S.ന്റെ സര്ക്കാരിനെ പിരിച്ചുവിട്ടു കൊണ്ടുള്ള ആ തുടക്കം പിന്നീട് പലപ്പോഴായി ഒരു നൂറിലേറെ സര്ക്കാരുകളെ പിരിച്ചുവിടുന്നതില് ചെന്നെത്തി. കര്ണാടകത്തിലെ S.R.ബൊമ്മൈ കേസ്സിന്റെ (1994) വിധിയാണ് യൂണിയന് ഗവണ്മെന്റിന്റെ ഈ ”പൊറാട്ടുനാടക”ത്തിന് അന്ത്യം കുറിച്ചത്. അനുച്ഛേദം 356 അനുസരിച്ച് ഇന്ത്യന് പ്രസിഡന്റില് നിക്ഷിപ്തമായ അധികാരം അപരിമേയം അല്ലായെന്നും ‘ജുഡീഷ്യല് റിവ്യൂ’വില് നിന്ന് ഒഴിവാക്കപ്പെട്ടതല്ലായെന്നും സുപ്രീം കോടതി വിധിച്ചു. ”ആയാറാം, ഗയാറാം” കാലത്തു നിന്നും ജനാധിപത്യത്തിന്റെ പേരിലുള്ള വിലപേശലുകളും വിലയ്ക്കെടുക്കലുകളും വല്ലാതെ ഇന്ന് വക്രീകരിക്കപ്പെട്ടിരിക്കുന്നു. ജനങ്ങള് വോട്ടുചെയ്ത് തെരെഞ്ഞെടുക്കുന്ന M.L.A.മാര് പാതിരാക്കോഴി കൂവും മുമ്പേ മറുകണ്ടം ചാടുന്ന വാര്ത്തകള് കൗതുകകരമല്ലാതായി തീര്ന്നിരിക്കുന്നു. ”ഓപ്പറേഷന് മിഡ്നൈറ്റ്” മാത്രമല്ല, ”ഓപ്പറേഷന് ഡേ ബ്രേക്കും” നമ്മുടെ തെരെഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതാണ്. ഭൂരിപക്ഷമില്ലാതെയും സര്ക്കാര് ഉണ്ടാക്കാമെന്നും ഭൂരിപക്ഷമുള്ള സര്ക്കാരിനെ തുണി നിറം മുക്കുന്ന ലാഘവത്തോടെ മാറ്റിയെടുക്കാമെന്നും ഈ അടുത്ത കാലത്തായി നിരവധി ഇന്ത്യന് സംസ്ഥാനങ്ങളില് ജുഗുപ്ത്സാവഹമായ പരീക്ഷണങ്ങള് നടത്തപ്പെട്ടത് കേന്ദ്ര ഭരണ കക്ഷിയുടെ ആസൂത്രണവും ഒത്താശയും പ്രലോഭനങ്ങളും ഒത്തിണങ്ങിയപ്പോഴാണ് എന്ന് പറയാതെ വയ്യ.
1966 കളുടെ അവസാനം കോണ്ഗ്രസ്സിനുള്ളിലെ അധികാര വടംവലി അപഹാസ്യമായ നിലവാരത്തിലെത്തുകയുണ്ടായി. തുടര്ന്ന് പിളര്പ്പ്. രണ്ടായി പിരിഞ്ഞ കോണ്ഗ്രസ്സ് പിന്നീട് പ്രാദേശികമായും അല്ലാതെയും പല പാര്ട്ടികളും ഗ്രൂപ്പുകളുമൊക്കെയായി വഴി പിരിയുന്ന കാഴ്ച. പക്ഷേ അപ്പോഴും ലോകരാഷ്ട്രീയ രംഗത്ത് ഇന്ത്യയുടെ സ്ഥാനം നിര്ണായകമായിരുന്നു. ചേരിചേരാ രാഷ്ട്രങ്ങളുടെ നായക സ്ഥാനത്ത് ഇന്ത്യ. 1971 ലെ ബംഗ്ലാദേശ് യുദ്ധ വിജയത്തിനു ശേഷം അഞ്ചാം ലോക്സഭാ തെരെഞ്ഞെടുപ്പില് ഇന്ദിരാ കോണ്ഗ്രസ്സിന് ഭൂരിപക്ഷം. പക്ഷേ, അധികാരം നിലനിര്ത്താന് ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1975 ജൂണ് 24 ന് ഇന്ത്യന് ജനാധിപത്യ ചരിത്രത്തിലെ അമിതാധികാര തേര്വാഴ്ചയും ജനാധിപത്യത്തിന്റെ ചോരമണവും നിറഞ്ഞ ദിവസങ്ങളാരംഭിക്കുന്നു. ഭരണഘടനയിലെ 3-ാം ഭാഗത്തില് ഉറപ്പാക്കപ്പെട്ടിരിക്കുന്ന മൗലികാവകാശങ്ങള് മരവിപ്പിക്കുന്നു. പൗരാവകാശ നിഷേധത്തിന്റെ തേര്വാഴ്ച. ഭരണകൂടത്തെ ഭയക്കുന്ന കോടതികള്. അക്കാലത്ത് ഭീകരമായ മര്ദ്ദനങ്ങള്ക്കു വിധേയരായ ഏറ്റവും പ്രായം കുറഞ്ഞ MLA മാരില് ഒരാളാണ് ഇന്നത്തെ കേരളമുഖ്യമന്ത്രി പിണറായി വിജയന്. ഏറ്റവും കൂടുതല് കാലം കരുതല് തടങ്കലില് കഴിയേണ്ടി വന്ന SFI നേതാവാണ് സിപിഐഎം ന്റെ ഇന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 1977 ലെ തെരെഞ്ഞെടുപ്പില് ഏകകക്ഷി ഭരണം അവസാനിച്ചതിനു ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് പ്രാദേശിക രാഷ്ട്രീയ കക്ഷികള് കരുത്താര്ജ്ജിച്ചു.
1979 ജനുവരിയില് മൊറാര്ജി ദേശായിയെ സ്ഥാനഭ്രഷ്ഠനാക്കി ചരണ്സിംഗ് ആറുമാസത്തോളം പ്രധാനമന്ത്രിയായിരുന്നു. വെറും 11 മാസക്കാലം മാത്രം അധികാരത്തിലിരുന്ന വി.പി.സിംഗിന്റെ സര്ക്കാര് എക്കാലവും ഓര്മ്മിക്കപ്പെടുക സാമൂഹിക നീതിയുടെ ഭാഗമായി മണ്ഡല് കമ്മീഷന് റിപ്പോര്ട്ട് നടപ്പാക്കി എന്നത് കൊണ്ടായിരിക്കും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകചരിത്രത്തിലെ ഏറ്റവും വലിയ ‘എയര്ലിഫ്റ്റിംഗ്’ നടത്തിയത് അക്കാലത്തെ ഇറാഖ്-കുവൈറ്റ് യുദ്ധവേളയിലായിരുന്നു. (ഇ.കെ.നായനാര് ആയിരുന്നു അന്ന് കേരള മുഖ്യമന്ത്രി). L.K. അദ്വാനിയുടെ നേതൃത്വത്തില് ആരംഭിച്ച ബിജെപിയുടെ രഥയാത്ര തടയപ്പെട്ടതോടെ വി.പി.സിംഗ് സര്ക്കാര് നിലംപതിച്ചു. പിന്നീട് ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായ ചന്ദ്രശേഖര് എട്ടുമാസക്കാലം തുടര്ന്നത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള മുഖ്യപ്രതിപക്ഷമായ കോണ്ഗ്രസ്സിന്റെ സഹായത്താലായിരുന്നു. 1991-96 ലെ P.V. നരസിംഹ റാവു സര്ക്കാരാണ് ഇന്ത്യയില് നവലിബറല് സാമ്പത്തിക നയങ്ങള്ക്ക് തുടക്കമിട്ടത്. അഞ്ചുവര്ഷക്കാലാവധി തികച്ച നെഹ്റു കുടുംബാംഗമല്ലാത്ത ആദ്യ കോണ്ഗ്രസ്സ് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 1996 ല് പ്രധാനമന്ത്രിയായ ദേവഗൗഡ പിന്നീട് രാജ്യസഭാ അംഗമായാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 1997ല് ദേവഗൗഡ-ഗുജറാള് സര്ക്കാരിനെ ബിജെപിയും കോണ്ഗ്രസ്സും ചേര്ന്ന് പുറത്താക്കി. തുടര്ന്നും എന്തെല്ലാം സംഭവവികാസങ്ങള്ക്ക് ജനാധിപത്യ ഇന്ത്യ സാക്ഷ്യം വഹിച്ചിരിക്കുന്നു…
നവസമ്പന്നരും നിക്ഷിപ്ത താല്പര്യങ്ങളും കോര്പ്പറേറ്റുകളും രാഷ്ട്രീയത്തില് നേരിട്ട് ഇടപെടുകയും നയങ്ങളും നടപടികളും നിയമങ്ങളും തങ്ങള്ക്കനുകൂലമാക്കിത്തീര്ക്കുകയും ചെയ്യുന്ന കാലമാണിത്. കെട്ടഴിച്ചു വിട്ട നവലിബറല് സാമ്പത്തിക നയങ്ങളും ലക്കും ലഗാനുമില്ലാത്ത സ്വകാര്യവത്കരണ നടപടികളും ഭരണകൂടത്തിന്റെ ഒത്താശയോടെ ഭീകരരൂപം പൂണ്ടിട്ടുള്ള വര്ഗീയതയും കൂടിച്ചേര്ന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര കാലത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക നേട്ടങ്ങളുടെയാകെ അസ്ഥിവാരം തോണ്ടുകയാണ്. പൊതുമുതലിന്റെ കൊള്ളയടിയും പൊതുസമ്പത്തിന്റെ കൈവശപ്പെടുത്തലും കോവിഡ്-19 മഹാമാരിയുടെ കാലത്തും വിവിധ ഓമനപ്പേരുകളില് നടമാടുന്ന കാഴ്ച! അഴിമതി സ്ഥാപനവത്കരിക്കാനും വ്യവസ്ഥാപിതമാക്കാനും വ്യാപകമായ പരിശ്രമങ്ങളാണ് നടക്കുന്നത്. ഭരണ രാഷ്ട്രീയ നേതാക്കളും വന്കിട കോര്പ്പറേറ്റുകളും ഉദ്യോഗസ്ഥ പ്രമാണിമാരും ചേര്ന്ന അവിശുദ്ധ കൂട്ടുകെട്ടുകള് രാജ്യത്തെ കൊള്ളയടിക്കുന്ന ദുസ്ഥിതി. ചില മാധ്യമങ്ങളും ഇവര്ക്ക് കൂട്ടിനില്ക്കുന്നു. തെരെഞ്ഞെടുപ്പുകള് കോര്പ്പറേറ്റ് കളികള്ക്കായി തുറന്നു കൊടുത്തുകൊണ്ട് ഇലക്ടറല് ബോണ്ടുകള് ഉള്പ്പെടെ നിയമവിധേയമാക്കിയിരിക്കുന്നു. മൂലധന ശക്തികളുടെ കരങ്ങളിലെ ഒരു ചരക്ക് മാത്രമായി ജനാധിപത്യത്തെ മാറ്റപ്പെടാനുള്ള ശ്രമങ്ങള് ചെറുക്കപ്പെടേണ്ടതാണ്.
പാര്ലമെന്റിലെ ഭൂരിപക്ഷം എന്നത് ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിക്കാനുള്ള ഉപാധിയായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിലെ തെരെഞ്ഞെടുപ്പുകള് കണക്കില് പെടാത്ത ശതകോടികളുടെ ചതുരംഗക്കളിയായി മാറുകയാണ്. അതിരൂക്ഷമായ ഇന്ധന വിലക്കയറ്റവും, കര്ഷകരും തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങളും ന്യൂനപക്ഷങ്ങള്, സ്ത്രീകള്, പാര്ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള് മുതലായവര് നേരിടുന്ന ആക്രമണങ്ങള്, രൂക്ഷമാകുന്ന തൊഴിലില്ലായ്മയും നികത്തപ്പെടാത്ത ലക്ഷക്കണക്കിനു തൊഴിലവസരങ്ങളും, ഭരണഘടന നേരിടുന്ന വെല്ലുവിളികള്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള് മുതലായവ സമ്പന്ധിച്ച് ഇന്ത്യന് പാര്ലമെന്റില് കഴിഞ്ഞ കുറേ വര്ഷങ്ങളായി കാര്യമായി ചര്ച്ചകള് നടക്കുന്നില്ല. നിയമനിര്മാണ പ്രക്രിയയില് സ്റ്റാന്റിംഗ് കമ്മിറ്റികള് നോക്കുകുത്തികളാകുകയും സഭയിലെ ഭൂരിപക്ഷം എന്നത് ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ ബില്ലുകള് പാസ്സാക്കിയെടുക്കാനുള്ള ഇന്ധനമായി മാറുകയും ചെയ്യുന്നത് അപകടകരമാണ്. പാര്ലമെന്റില് ചര്ച്ച പോലും ചെയ്യാതെ കരാറുകളും ഉടമ്പടികളുമുണ്ടാക്കുന്നു.
ഒരു രാജ്യസഭാ സമ്മേളന വേളയില് ആഭ്യന്തര മന്ത്രി തന്റെ കുപ്പായത്തിന്റെ കീശയില് നിന്നും വലിച്ചെടുത്ത ഒരു കുറിപ്പ് വായിക്കുന്ന പോലെ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി തന്നെ നഷ്ടമാകുന്നു. ജനങ്ങള് നേരിട്ടു തെരെഞ്ഞെടുക്കുന്ന MLA മാരടങ്ങിയ നിയമസഭ തന്നെ ഇല്ലാതാകുന്നു. പിടിച്ചെടുക്കാന് കഴിഞ്ഞില്ലായെങ്കില് അടിച്ചു തകര്ക്കുക എന്ന ഫാസിസ്റ്റു തന്ത്രമാണ് മറനീക്കി പുറത്തുവന്നത്. കര്ഷക ദ്യോഹ നിയമങ്ങളും തൊഴിലാളി വിരുദ്ധ നടപടികളും അടിച്ചേല്പ്പിക്കാന് ഓര്ഡിനന്സുകള് തുടരെത്തുടരെ പുറപ്പെടുവിക്കാന് രാഷ്ട്രപതി ഭവനെപ്പോലും ഉപയോഗിക്കുക. നോട്ടുനിരോധനത്തിന്റെ കാലത്ത് ഇന്ത്യന് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ നാം കണ്ടതാണ്‌. ആ നാടകത്തിന്റെ തനിയാവര്ത്തനം ഇക്കഴിഞ്ഞ ഗുരുനാനാക്ക് ജയന്തി ദിനത്തില് നാം കണ്ടതാണ്. രണ്ടേരണ്ടു വാക്കുകള് കൊണ്ടു മാപ്പ് ചോദിച്ചതു കൊണ്ട് അതിനു മുമ്പുള്ള ഒരു വര്ഷക്കാലത്തിലേറെ നീണ്ടുനിന്ന കര്ഷക പ്രക്ഷോഭത്തിനെതിരെ ഇന്ത്യാ ഗവണ്മെന്റും, കേന്ദ്ര ഭരണകക്ഷിയും, പിണിയാളുകളും, ജിഹ്വകളും കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അതിന്റെ അനന്തര ഫലങ്ങളും അവസാനിക്കുന്നില്ലല്ലോ? കര്ഷക പ്രക്ഷോഭത്തിന് 700 ലേറെ പേരാണ് കൊല്ലപ്പെട്ടത് എന്നോര്ക്കണം.
ഭരണഘടനാ സ്ഥാപനങ്ങളുടെ ”സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്വ്വ”വുമായ സ്വഭാവം നഷ്ടപ്പെടുത്തുന്നതായി വ്യാപകമായ പരാതികള് ഉയര്ന്നു വരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് ഈ രാജ്യം ഭരിക്കുന്ന ഭരണകക്ഷിയുടെ തീട്ടൂരമനുസരിച്ചാണ് പ്രവര്ത്തിക്കുന്നതെന്ന് ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരെഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം മുതല് നടത്തിപ്പും പെരുമാറ്റ ചട്ടങ്ങളും മണ്ഡല പുനര്നിര്ണയമുള്പ്പെടെയുള്ള കാര്യങ്ങളും തെരെഞ്ഞെടുപ്പ് കമ്മീഷന് സംശയത്തിന്റെ നിഴലിലാണ്. വിവിധ കേന്ദ്ര ഏജന്സികളാകട്ടേ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്ക്കാരുകളെ അട്ടിമറിക്കാനും രാഷ്ട്രീയ നേതാക്കള്ക്കെതിരെ പകപോക്കാനുമുള്ള ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ശക്തമായ ഉദാഹരണങ്ങളാണ് കഴിഞ്ഞ കേരളാ നിയമസഭാ തെരെഞ്ഞെടുപ്പിനു മുമ്പ് ലോകം കണ്ടത്. ”കൂട്ടിലടയ്ക്കപ്പെട്ട തത്ത”യും ”ചങ്ങലയ്ക്കിട്ട കാവല് നായ”യും യജമാനന്റെ മതില് ചാട്ടം ഒരിക്കലും കാണാറില്ല; കണ്ടാലും മിണ്ടാറില്ല.
2018 ജനുവരി 12 ന് സുപ്രീം കോടതിയിലെ നാല് മുതിര്ന്ന ജഡ്ജിമാര് കോടതി നടപടികള് നിര്ത്തിവെച്ച് പുറത്തുവന്ന് വാര്ത്താസമ്മേളനം വിളിച്ചു പറഞ്ഞത് ജനാധിപത്യ അപകടത്തിലാണ് എന്നായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്, രഞ്ജന് ഗോഗോയി, കുര്യന് ജോസഫ്, മദന് ലോക്കോര് എന്നിവര് ആ വാര്ത്താസമ്മേളനത്തില് പറഞ്ഞതും, പറയാതെ പറഞ്ഞതും- ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ എത്രമാത്രം സമ്മര്ദ്ദങ്ങള്ക്കു വിധേയമാക്കുന്നുവെന്ന് ഏതൊരു നിയമവിദ്യാര്ത്ഥിയേയും ബോധ്യപ്പെടുത്തുന്നു.
ചോദ്യോത്തര വേളയ്ക്കു ശേഷമുള്ള ഒരു മണിക്കൂര് ‘ശൂന്യവേള’ എന്നതിന്റെ ഉപജ്ഞാതാവ് ഇന്ത്യന് പാര്ലമെന്റാണ്. അടിയന്തിര പ്രാധാന്യമുള്ള വിവിധ വിഷയങ്ങള് M.P.മാര്ക്ക് പാര്ലമെന്റില് ഉന്നയിക്കാനുള്ള രണ്ടോ മൂന്നോ മിനിട്ട് എന്നത് അമൂല്യമാണ്. എന്നാല് ചോദ്യങ്ങള്ക്ക് വ്യക്തമായ മറുപടിയോ, പാര്ലമെന്റിനെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള സമവായ-സമന്വയ പരിശ്രമങ്ങളോ അപ്രത്യക്ഷമായിരിക്കുന്നു. സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പരിശോധനകളും തെളിവെടുക്കലും ചര്ച്ചകളും തുടര്ന്ന് സഭയുടെ മേശപ്പുറത്ത് വെയ്ക്കുന്ന റിപ്പോര്ട്ടുകളും ഒരു പാര്ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ നിയമ നിര്മാണ പ്രക്രിയയില് അനിവാര്യമായ ഘടകങ്ങളാണ്. സഭയില് ചര്ച്ചകള് അനുവദിക്കാതിരിക്കുക. വോട്ടെടുപ്പിന് ഡിവിഷന് ചോദിച്ചാല് അനുവദിക്കാതിരിക്കുക. ഭേദഗതികള് പരിശോധിക്കുക പോലും ചെയ്യാതിരിക്കുക. പാര്ലമെന്റ് അംഗങ്ങളെ ദിവസങ്ങളോളം സസ്പെന്ഡ് ചെയ്യുക മുതലായ നടപടികള് പാര്ലമെന്റിന്റെ സത്തയെയാണ് ചോര്ത്തിക്കളയുന്നത്. ബില്ലുകളായി അവതരിപ്പിച്ച് ചര്ച്ച ചെയ്ത് പാസ്സാക്കുന്നതിനു പകരം ഫിനാന്സ് ബില്ലിന്റെ ഭാഗമായി ഉള്ക്കൊള്ളിച്ച് നിയമനിര്മാണം നടത്തുകയെന്ന കുറുക്കുവഴി കഴിഞ്ഞ മോദീ സര്ക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന അരുണ് ജയ്റ്റ്ലി തുടങ്ങി വെച്ചതാണ്. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും അടല് ബിഹാരി വാജ്പേയിയുടേയും മന്മോഹന് സിംഗിന്റേയും കാലത്തൊന്നും പാര്ലമെന്റിനേയും കേന്ദ്ര മന്ത്രിസഭയേയും തിരശ്ശീലയ്ക്കു പിന്നില് നിന്ന് ചില അദൃശ്യ കരങ്ങളാണ് നിയന്ത്രിക്കുന്നതെന്ന് ഇത്ര ഗൗരവമായ പരാതിയുണ്ടായിരുന്നില്ല. ബിജെപിയുടെ RSS ബന്ധം മുമ്പും പരസ്യമാണെങ്കിലും ഒരു രാഷ്ട്രീയ സംഘടനയല്ലാത്ത സംഘടന രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നയങ്ങളെ നിയന്ത്രിക്കുകയെന്നത് ജനാധിപത്യത്തില് അനുചിതവും മതനിരപേക്ഷതയുള്പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്ക്കു അപകടവുമാണ്.
ഇന്ത്യയെ ”ഹിന്ദു രാഷ്ട്ര”മായി പ്രഖ്യാപിക്കാനും ഹിന്ദി ഭാഷ അടിച്ചേല്പ്പിക്കാനും ചില ഉത്തരേന്ത്യന് ഭക്ഷണ, ആചാര, ആഘോഷ രീതികള് അടിച്ചേല്പ്പിക്കാനും പരസ്യമായ പരിശ്രമങ്ങളാണ് നടക്കുന്നത്. ഇവയ്ക്കു പിന്നിലുള്ള വാണിജ്യ താല്പര്യങ്ങള് രഹസ്യമല്ല. പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രത്തെ ”ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്” ആക്കാനാണ് ശ്രമം. ഭരണഘടന ഉറപ്പു നല്കുന്ന സംവരണവും സാമൂഹിക നീതിയും വരെ അപ്രത്യക്ഷമാക്കപ്പെടുന്നു. ഈ മതനിരപേക്ഷ രാഷ്ട്രത്തിലെ പൗരത്വം മതത്തിന്റെ പേരില് നിഷേധിക്കപ്പെടുന്നതിന് നിയമനിര്മാണം എന്നത് ഭരണഘടന കുഴിച്ചുമൂടുന്നതിനു സമമാണ്. പാര്ലമെന്ററി ജനാധിപത്യത്തിന്റെയും ഫെഡറല് സംവിധാനത്തിന്റെയും മരണമണിയാണ് ”ഒരു രാഷ്ട്രം, ഒരു തെരെഞ്ഞെടുപ്പ്” എന്ന മുദ്രാവാക്യത്തിനു പിന്നില് ഉയരുന്നത്.
വ്യവസ്ഥാപിത ജനാധിപത്യ സംവിധാനങ്ങളും ഈ രാഷ്ട്രത്തിലെ ജനങ്ങളും തമ്മില് അകലം വര്ധിച്ചു കൊണ്ടേയിരിക്കുന്നു. സാധാരണ ജനങ്ങളും ജുഡീഷ്യറിയും തമ്മിലുള്ള അകലം അതിലുമേറെ വര്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതിലേറെ സാമ്പത്തിക- രാഷ്ട്രീയ-അധികാര അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി ഒരു കൂട്ടം കോര്പ്പറേറ്റുകളുടെ തലവന്മാരുടെ ഭണ്ഡാരപ്പുരകള് നിറഞ്ഞ് കവിയുകയും വിദേശത്തേയ്ക്കു പറക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ നാനാത്വവും വൈവിധ്യവും കൗതുകകരമായ കരുത്താണ്. അതിനെ തകര്ക്കാനും ഭാഷ, വേഷം, ഭക്ഷണരീതി, വിശ്വാസങ്ങളും ആചാരങ്ങളും, മുതലായവുമെല്ലാം അടിച്ചേല്പ്പിക്കലിന്റെ ഭീഷണികള് ഉയരുമ്പോള് ഓര്ക്കുക നമ്മുടെ പാര്ലമെന്ററി ജനാധിപത്യ വ്യവസ്ഥ ഒരു ഏകശിലാ വിഗ്രഹം അല്ല.
(2022 മെയ്, അദ്ധ്യാപക ലോകം മാസികയില് പ്രസിദ്ധീകരിച്ചത്)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News