Gestational diabetes:പ്രമേഹം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുമ്പോള്‍

സ്ത്രീകളില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. പ്രമേഹം തിരിച്ചറിഞ്ഞാല്‍ ഉടന്‍ കൃത്യമായ പരിചരണം ആവശ്യമാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയത്തു രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കുന്ന സ്ത്രീകളില്‍ പ്രസവസമയത്തു സങ്കീര്‍ണതകളുണ്ടാകും. ഇത്തരക്കാരില്‍ ശസ്ത്രക്രിയ വേണ്ടിവരും.

ഗര്‍ഭിണികളിലെ പ്രമേഹം കുഞ്ഞുങ്ങള്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിതെളിച്ചേക്കാം. ഗര്‍ഭസ്ഥ ശിശുവില്‍ ആദ്യ ആറ് ആഴ്ചകളില്‍ പ്രധാന അവയവങ്ങളുടെ രൂപീകരണം നടക്കുന്നു. അതിനാല്‍ ഈ സമയം പ്രമേഹം അധികരിക്കുന്നതു കുഞ്ഞിനു ദോഷം ചെയ്യും. ഗര്‍ഭകാലത്ത് വേണ്ടവിധം പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ ഭാരക്കൂടുതലുള്ള കുട്ടികള്‍, പ്രമേഹം, ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് തടസം, തൂക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകാം.

ഗര്‍ഭാവസ്ഥയിലുള്ള ഭക്ഷണക്രമീകരണം

മധുരാംശം അധികം അടങ്ങിയതും ധാരാളം കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണം കഴിവതും ഒഴിവാക്കുക. പച്ചക്കറികളും തവിടു കളയാത്ത ധാന്യങ്ങളും ധാരാളം ഉപയോഗിക്കുക, മൂത്രം ധാരാളം ശ്രവിപ്പിക്കുന്നതും മേദസ് വര്‍ധിപ്പിക്കാത്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക. ഇന്‍സുലിന്‍ ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ എടുക്കുക.

തൊലി കളയാത്ത പയറിനങ്ങള്‍, പാല്‍, മത്സ്യം, മുട്ട, കോഴിയിറച്ചി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ജീവകങ്ങളും ധാധുലവണങ്ങളും പ്രത്യേകിച്ച് കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്ന സമയം ദീര്‍ഘിപ്പിക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ഗര്‍ഭിണികളില്‍ കണ്ടുവരുന്ന മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

വ്യായാമം

സ്ത്രീകള്‍ നിശ്ചിത ക്രമത്തില്‍ ദിവസവും അനുയോജ്യമായ വ്യായാമമെടുക്കുന്നതു നല്ലതാണ്. ശരീരപേശികള്‍ക്കു പഞ്ചസാര ശരിയായി ഉപയോഗപ്പെടുത്താനും രക്തചംക്രമണം വര്‍ധിപ്പിക്കുവാനും വ്യായാമം ഉപകരിക്കുന്നു. ലഘു വ്യായാമങ്ങള്‍ ഗര്‍ഭിണിക്കള്‍ക്ക് ഉന്മേഷം നല്‍കുന്നതോടൊപ്പം സുഖ പ്രസവം സാധ്യമാക്കുകയും ചെയ്യും. ദിവസവും ചെറിയ തോതില്‍ നടത്തം ശീലമാക്കുന്നതു നല്ലതാണ്. സ്വന്തമായി വ്യായാമം ആരംഭിക്കുന്നതിനു മുമ്പു ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് ഉത്തമം.

കടപ്പാട്:
ഡോ. രവീന്ദ്രന്‍ ഏ.വി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here