സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ

സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. തദ്ദേശീയരായ രണ്ട് എസ് ഡി പി ഐ പ്രവർത്തകരാണ് പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവർത്തകർ നേതാക്കൾക്കെതിരെ പ്രതിഷേധമുയർത്തിയതോടെ കർണ്ണാടകയിൽ ബി ജെ പി നേതൃത്വം വലിയ പ്രതിസന്ധിയിലാണ്. യുവമോര്‍ച്ച ദക്ഷിണ കാനറ ജില്ലാ സെക്രട്ടറിയായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിൽ സുള്ള്യ സാവന്നൂർ സ്വദേശി സാക്കിർ, ബെല്ലാരെ സ്വദേശി ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു പേരും സജീവ എസ് ഡി പി ഐ പ്രവർത്തകരാണ്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. സുള്ള്യയിൽ കോഴിക്കട നടത്തുന്ന പ്രവീൺ ചൊവ്വാഴ്ച രാത്രി കടയടച്ച് മടങ്ങുന്നതിനിടെയാണ് കൊലപാതകം. ബെല്ലാരിയിലെ പ്രാദേശിക നേതാവിൻ്റെ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയ പ്രവർത്തകർ ബസവരാജ് ബോമ്മൈ സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രവീണിൻ്റെ വീട് സന്ദർശിക്കാൻ എത്തിയ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടിലിൻ്റെ വാഹനം തടഞ്ഞ് നേതാക്കൾക്കെതിരെയും പ്രതിഷേധം ശക്തമാക്കിയിരുന്നു.

എന്നാൽ പ്രതികൾ കേരളത്തിലേക്ക് കടന്നുവെന്ന വാദമുയർത്തി പ്രതിഷേധം തണുപ്പിക്കാനായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും ബി ജെ പി നേതൃത്വത്തിന്റെയും ശ്രമം. കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു പിന്നോക്ക ജാതിയായ ബില്ലവ വിഭാഗത്തിൽ നിന്നുള്ളയാളാണ്. പിന്നോക്ക ജാതിയിൽ നിന്ന് പ്രവർത്തകരെ കണ്ടെത്തുന്ന ബി ജെ പി ഉയർന്ന ജാതിയിലുള്ളവരെ മാത്രമാണ് നേതാക്കളായി ഉയർത്തിക്കൊണ്ടു വരുന്നതെന്നും സാധാരണ പ്രവർത്തകരെ സംരക്ഷിക്കുന്നില്ലെന്നും പ്രവർത്തകർ വിമർശനമുയർത്തുന്നുണ്ട്. സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ പ്രതിഷേധിച്ച് കൂട്ട രാജി ഭീഷണി മുഴക്കുകയാണ് കർണാടകയിലെ ബിജെപി പ്രവർത്തകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News