ADVERTISEMENT
2022 ലെ കൈരളി ടി വി ഫീനിക്സ് അവാർഡ് പ്രഖ്യാപിച്ചു.വനിതാ വിഭാഗം പുരസ്കാരം ഗീത സലീഷ് സ്വന്തമാക്കി.
പന്ത്രണ്ടാം വയസ്സിൽ കാഴ്ച മങ്ങുക. പതിനാലാം വയസ്സോടെ കാഴ്ച പോവുക. പിന്നാലേ, രണ്ട് അനിയന്മാരും അതേ നിലയിലാവുക.സ്വർണ്ണപ്പണിക്കാരനായ അച്ഛന്റെ തുച്ഛവരുമാനംകൊണ്ടു ജീവിച്ചിരുന്ന ഒരു ഗ്രാമീണവീട്ടിലെ ഒരു പാവം പെൺകുട്ടി ആ അവസ്ഥയിൽ എത്തിപ്പെട്ടാൽ എന്തുണ്ടാകും?
അവൾ പഠിപ്പുനിർത്തും. വീട്ടിലൊതുങ്ങും. ഒരു വീടിന്റെ വേദനയായി തെരുവിന്റെയോ ഏറിയാൽ ഒരു നാട്ടിൻപുറത്തിന്റെയോ സഹതാപംപറ്റി ജീവിയ്ക്കും.എന്നാൽ, ഒറ്റപ്പാലത്തിനടുത്ത് പനമണ്ണയിലെ മണിയന്തോട്ടിൽ വീട്ടിലെ ഗീത ചെയ്തത് അതല്ല. ഗീത പഠിച്ചു. കേട്ടെഴുത്തുകാരെ വച്ച് പരീക്ഷയെഴുതി പത്തു ജയിച്ചു. നഗരത്തിലെ കോളേജിൽപ്പോയി.ബിഎക്കാരിയായി. സ്നേഹിച്ച പുരുഷന്റെ കൈപിടിച്ചു. രണ്ടു കുട്ടികളുടെ അമ്മയായി.
പലരും അവിടെ നിർത്തിയേക്കും. കണ്ണുകാണുന്ന ഭർത്താവിന്റെ ഭാര്യയും കണ്ണുകാണുന്ന മക്കളുടെ അമ്മയുമായി കഴിഞ്ഞേയ്ക്കും.പക്ഷേ, ഗീത തൃശ്ശൂരിൽ ഒരു ജൈവഭക്ഷണശാല തുറന്നു. ജോലിക്കാരോടൊപ്പം കലവറയിലും അടുക്കളയിലും കൊട്ടത്തളത്തിലും ക്യാഷ് കൗണ്ടറിലും പണിയെടുത്തു.
കണ്ണു കാണാതിരുന്നിട്ടും വീട്ടിൽ സ്ഥലപരിചയം വച്ച് എല്ലാ ജോലിയും ചെയ്യുന്ന പതിവ് സഹായിച്ചിരിക്കാം. പന്ത്രണ്ടു വയസ്സുവരെ കണ്ണു കണ്ട പരിചയം ആത്മവിശ്വാസം പകർന്നിരിക്കാം.ആ കച്ചവടം വിജയിച്ചില്ല. പിന്നാലേ കോവിഡ് എത്തി. കോവിഡ് കാലത്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മഞ്ഞളിലേയ്ക്ക് ഗീത തിരിഞ്ഞു.
മടുപ്പില്ലാതെ കഴിക്കാനാവുന്ന കുർക്കുമീൽ എന്ന മഞ്ഞൾവിഭവമായിരുന്നു ഫലം.പ്രതിഭ എന്ന മികച്ച മഞ്ഞളിനം കൃഷി ചെയ്യാനുള്ള ലൈസൻസ് നേടി. വീട്ടിൽ മഞ്ഞൾക്കൃഷി തുടങ്ങി. പിന്നീടത് അഞ്ചു വീടുകളിലേയ്ക്കു വളർന്നു. ഇപ്പോൾ, മൂന്നു ജില്ലകളിൽ അഞ്ച് ഏക്കറിലേറെ മണ്ണിൽ ഗീതയ്ക്കു വേണ്ടി മഞ്ഞൾ വിളയുന്നു.
ഗീതയുടെ കഥയറിഞ്ഞ് നടി ശ്വേതാ മേനോൻ വിട്ടുകൊടുത്ത തറവാടുവളപ്പാണ് അതിലെ ഒരേക്കർ. ഇന്ത്യയിലാകമാനം ഏഴായിരത്തോളം കുടുംബങ്ങൾക്ക് ഗീത കുർക്കുമീൽ എത്തിക്കുന്നു. 15 പേർക്ക് നേരിട്ടും 45 പേർക്ക് പരോക്ഷമായും ജോലി കൊടുക്കുന്നു.
ഇതെല്ലാം നിയന്ത്രിച്ചുനടത്തി ഗീത മുന്നോട്ടുപോകുന്നു.
“കാലമേ, വെളിച്ചത്തിൽനിന്നു കാൽതെറ്റി വീണ നിന്റെ കുഞ്ഞുമകൾ വെളിച്ചംപരത്തുന്നവളായതു കണ്ടോ?” എന്നു നിശ്ശബ്ദം വിളിച്ചുചോദിച്ചുകൊണ്ട്. ഭർത്താവ് സലീഷും മക്കൾ ഗസലും ഗയയും ഒപ്പമുണ്ട്. ഗീതയെപ്പോലെതന്നെ ചെറുപ്പത്തിൽ കാഴ്ചപോയി പഠിച്ചു വളർന്ന് സർക്കാർ ജോലിക്കാരായ അനുജന്മാർ സുരേഷും രതീഷും അപ്പുറത്തുണ്ട്.
മൂന്നു മക്കളുടെയും കണ്ണിലെ വെളിച്ചം ഒരുമിച്ചു മങ്ങുന്നതു സഹിച്ചുകൊണ്ട് അവരെ ജീവിതവിജയത്തിലേയ്ക്കു നയിച്ച ഗീതയുടെ അച്ഛനമ്മമാരായ ഉണ്ണിക്കൃഷ്ണനും രാധയും അതു കണ്ണുനിറയേ കാണുന്നുണ്ട്.
ഇത്തവണത്തെ കൈരളി ഫീനിക്സ് അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത് ഗീതാ സലീഷിനെയാണ്.ശാപം പോലെ വീട്ടിലേയ്ക്കു കടന്നെത്തിയ ഇരുട്ടിനെ അന്ധവിശ്വാസത്തിലേയ്ക്കോ നൈരാശ്യത്തിലേയ്ക്കോ പോകാതെ നേരിട്ട നവകേരളമാതൃകയാണ് ഗീതാ സലീഷ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.