Kairali TV Phoenix Award: ഇത് വിധിയ്ക്കുള്ള പെനാല്‍റ്റി; ഫുട്‌ബോള്‍കൊണ്ട് ദുര്‍വിധിയെ അട്ടിമറിച്ച ഫാസില്‍

2022ലെ കൈരളി ടി വി ഫീനിക്‌സ് അവാര്‍ഡുകള്‍(Kairali TV Phoenix Award) പ്രഖ്യാപിച്ചു. കൈരളി ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടിയുടെ(Mammootty) പ്രത്യേക പുരസ്‌കാരം കെ വി ഫാസില്‍(K V Fasil) സ്വന്തമാക്കി. ഫുട്‌ബോള്‍ ഒരു കളിക്കോപ്പല്ല. അതുകൊണ്ട് ദുരധികാരത്തെയും വംശീയതയെയുമൊക്കെ അട്ടിമറിച്ചവരുണ്ട്. സ്വാതന്ത്ര്യത്തിന്റെ നീലാകാശമൈതാനങ്ങളിലേയ്ക്കു കളിച്ചുകയറിയവരുണ്ട്. ഇതാ, ഫുട്‌ബോള്‍കൊണ്ട് ദുര്‍വിധിയെ അട്ടിമറിച്ച ഒരാള്‍. ഇത് ഫാസില്‍. ജനിച്ചത്, വലതു കാല്‍പ്പാദമില്ലാതെ, ഇടതു കാല്‍പ്പാദത്തില്‍ വളവുമായി. അതു പഴങ്കഥ. ഇന്നു ഫാസില്‍ ഒരു കുറവുമില്ലാത്ത ഫുട്‌ബോളറാണ്. എഫ് സി കേരളയുടെ അക്കാദമിക്ക് ടീം അംഗം. ഫാസില്‍ കളിക്കുന്നതോ ശാരീരികവെല്ലുവിളിയൊന്നും നേരിടാത്ത കളിക്കാരോടൊത്ത്.

ഇരുപതു കൊല്ലം മുമ്പ്, ഫാസില്‍ ജനിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇവന്‍ നടക്കില്ല എന്നാണ്. എന്നാല്‍ ഉപ്പ മുഹമ്മദും ഉമ്മ റംലയും മകനെ പറ്റുന്നതുപോലെ നടത്തണമെന്നു തീരുമാനിച്ചു. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് നുള്ളിപ്പെറുക്കി മകന്റെ ചികിത്സ നടത്തി. മൂന്ന് ഓപ്പറേഷനുകള്‍കൊണ്ട് വളവുള്ള ഇടംകാല്‍ ഒട്ടൊക്കെ ശരിയായി. ഇല്ലാത്ത വലംകാലിനു പകരം ഫൈബര്‍ കാല്‍ വച്ചു. ഒന്നര വയസ്സുള്ള ഫാസില്‍ പിച്ചവച്ചു.

പിന്നെ, തീരുമാനങ്ങള്‍ ഫാസിലിന്റേതായിരുന്നു. ഫുട്‌ബോള്‍ അവനെ നയിച്ചു. പന്തു കളിക്കാനൊക്കെപ്പോയാല്‍ ഫൈബര്‍ കാല്‍ ആഴ്ച തോറും മാറണം. ബൂട്ട് ആറു മാസം കഴിയുമ്പോഴും. ഫാസില്‍ അവ സ്വയം നന്നാക്കും. അങ്ങനെ കളിക്കും. ആ കളി ഫാസിലിനെ എത്തിച്ചത് എടപ്പാള്‍ വീ ഗോ ക്ലബ്ബിലാണ്. വയ്പ്പുകാലുമായി കളിക്കുന്ന ഒരു കുട്ടി മലപ്പുറത്തിന്റെ ഹരങ്ങളായ ഫൈവ്‌സിലും സെവന്‍സിലും അരങ്ങേറി. പൂക്കരത്തറ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ടീമംഗം. പൊന്നാനി എംഇഎസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഫാസിലിന്റെ കോളേജ് ടീം പ്രവേശനത്തിനു കൊറോണ വിലങ്ങുതടിയായി.

ആറു മാസം മുമ്പ്, നടുവട്ടം ഗ്രീന്‍ ഫീല്‍ഡ് ട്രഫില്‍ ഒരു ടൂര്‍ണമെന്റ്. ആ കളി യാദൃച്ഛികമായി കാണാനെത്തിയ എഫ് സി കേരള എടപ്പാള്‍ മാനേജര്‍ സ്റ്റീഫന്‍ ചാലിശ്ശേരിക്ക് ഒരു കളിക്കാരനെ വല്ലാതെ ഇഷ്ടമായി. ആ കളിക്കാരനെ എഫ് സിയിലേയ്ക്കു ക്ഷണിക്കാന്‍ വിളിച്ചപ്പോഴാണ് അയാള്‍ നേരിടുന്ന ശാരീരികവെല്ലുവിളി സ്റ്റീഫന്‍ മനസ്സിലാക്കിയത്. അദ്ദേഹം പക്ഷേ, ഓഫറില്‍ ഉറച്ചുനിന്നു. ഫാസില്‍ ഇപ്പോള്‍ എഫ് സി കേരളയുടെ അക്കാദമിക് ടീമംഗം. ഇത്തവണത്തെ കൈരളി ടി വി ഫീനിക്‌സ് അവാര്‍ഡിലെ പത്മശ്രീ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് ഫാസിലിനെയാണ്. ഇത് വിധിക്കുള്ള പെനാല്‍റ്റിയാണ്. ഫുട്‌ബോള്‍കൊണ്ട് ദുര്‍വിധിയെ അട്ടിമറിച്ച ഫാസിലിന്റെ വിജയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News