നാട്ടകം മറിയപ്പള്ളിക്കു സമീപം കയ്യാല നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അടിയില്‍ കുടുങ്ങിയ അതിഥിതൊഴിലാളിയുടെ രക്ഷകരായവര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി(Pinarayi Vijayan). ഫയര്‍ഫോഴ്സും പൊലീസും, നാട്ടുകാരും ചേര്‍ന്ന സംയുക്തമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുശാന്തിനെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നില്‍ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മറിയപ്പള്ളി മഠത്തില്‍കാവില്‍ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്ന തിട്ടക്ക് കയ്യാല കെട്ടാന്‍ വാനം മാന്തുന്നതിനിടെ വ്യാഴം രാവിലെ 9.15നായിരുന്നു അപകടം. സുശാന്തും മറ്റുരണ്ട് അതിഥിതൊഴിലാളികളുമാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. മണ്ണിടിഞ്ഞുവീണപ്പോള്‍ കൂടെയുള്ള രണ്ടുപേര്‍ ഓടിമാറിയെങ്കിലും കുഴിയില്‍നിന്ന സുശാന്ത് മണ്ണിനടിയില്‍ പെട്ടു. അരയ്ക്കുതാഴേക്ക് മണ്ണിനടിയിലായ സുശാന്തിനെ രക്ഷിക്കാന്‍ മറ്റു തൊഴിലാളികളും ഏതാനും സമീപവാസികളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കോട്ടയത്തുനിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘമെത്തി മണ്ണ് നീക്കാരംഭിച്ചു. ഇതിനിടെ വീണ്ടും മണ്ണിടിയുകയായിരുന്നു. സുശാന്തിന്റെ തലയ്ക്കുമുകളില്‍ മണ്ണ് മൂടിയത് കണ്ട് ചുറ്റുമുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. ഫര്‍ഫോഴ്സ് ജീവനക്കാര്‍ അതിവേഗം തലയ്ക്കുമുകളിലെ മണ്ണ് മുഴുവന്‍ കൈകൊണ്ട് നീക്കി ശ്വാസം കിട്ടുന്ന നിലയിലാക്കി.
തുടര്‍ന്നും മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കെയായിരുന്നു പിന്നീടുള്ള രക്ഷാപ്രവര്‍ത്തനം. ചങ്ങനാശേരിയില്‍നിന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘമെത്തി. പത്തടിയോളം താഴ്ചയുള്ള കുഴിയിലാണ് ഒരുകാല്‍ മടങ്ങിയ നിലയില്‍ സുശാന്ത് കിടന്നിരുന്നത്. നനഞ്ഞ് ഉറച്ച മണ്ണായതിനാല്‍ പുറത്തെടുക്കുക ശ്രമകരമായിരുന്നു. സമീപത്ത് ജെസിബി ഉപയോഗിച്ച് മറ്റൊരു കുഴിയുണ്ടാക്കി അതിലിറങ്ങിനിന്ന് ഏറെ പണിപ്പെട്ടാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം സുശാന്തിനെ പകല്‍ 11.30ഓടെ പുറത്തെടുത്തത്.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.