ഒമ്പതാം ക്ലാസ്സുകാരിയെ കാരിയറാക്കി എംഡിഎംഎ കടത്ത്

ഒമ്പതാം ക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി ലഹരിമാഫിയ സംഘം ഉപയോഗിച്ചത് മൂന്ന് വർഷം. റോയല്‍ ഡ്രഗ്സ് എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലൂടെയാണ് ഒരു സംഘം പെണ്‍കുട്ടിയെ വലയിലാക്കി എംഡിഎംഎ കടത്താന്‍ ഉപയോഗിച്ചത്. ലഹരിസംഘത്തിന്റെ ഭാഗമായതിനെ തുടര്‍ന്ന് ശാരീരിക-മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെണ്‍കുട്ടി കഴിഞ്ഞ നാല് മാസമായി സ്‌കൂളില്‍ പോയിട്ടില്ല. കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയുടെ കോപ്പി കൈരളി ന്യൂസ് ഓണ്‍ലൈന് ലഭിച്ചു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍ ലഹരി വസ്തുക്കള്‍ പെണ്‍കുട്ടിക്ക് നല്‍കുകയായിരുന്നു. ആദ്യം പണം ആവശ്യപ്പെടാതെ നല്‍കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ കാരിയറാക്കി മാറ്റുകയുമായിരുന്നു. പൊലീസിന് നല്‍കിയ പരാതി പ്രകാരം പെണ്‍കുട്ടി മൂന്ന് വര്‍ഷമായി ലഹരി മാഫിയയുടെ പിടിയിലായെന്നാണ് വ്യക്തമാകുന്നത്.

പൊതിഞ്ഞ് പായ്ക്ക് ചെയ്ത് ലഹരിമരുന്ന് പെണ്‍കുട്ടിക്ക് നല്‍കുകയും മറ്റ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍ക്ക് നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നും പരാതിയിലുണ്ട്. ലഹരി ഉപയോഗത്തില്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് നേരിടുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. തന്നെ ലഹരി വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ച സംഘം മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ലഹരി നല്‍കുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുത്.

ഇതുമായി ബന്ധപ്പെട്ട പരാതി ഇന്ന് വൈകുന്നേരമാണ് ലഭിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കൈരളി ഓണ്‍ലൈനോട് പറഞ്ഞു. അടുത്ത ദിവസം പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുക്കുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും എസിപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here