കണ്ടെത്തിയത് വന്‍ സ്വര്‍ണ നിക്ഷേപം, രഹസ്യമാക്കി വെച്ച വിവരങ്ങള്‍ പരസ്യമാക്കി സര്‍ക്കാര്‍

ഒഡീഷയില്‍ വിവിധ പ്രദേശങ്ങളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതായി സംസ്ഥാന ഖനന വകുപ്പ് മന്ത്രി പ്രഫുല്ല മല്ലിക്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് സ്വര്‍ണ ശേഖരം കണ്ടെത്തിയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിവിധ സമയങ്ങളില്‍ നടത്തിയ സര്‍വേകളുടെ ഫലം സര്‍ക്കാര്‍ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു എന്നും മന്ത്രി അറിയിച്ചു.

കിയോഞ്ജര്‍ ജില്ലയിലെ ദിമിരിമുണ്ട, കുശാകല, ഗോതിപൂര്‍, ഗോപൂര്‍ പട്ടണങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. മയൂര്‍ഭഞ്ച് ജില്ലയിലെ ജോഷിപൂര്‍, സുരിയഗുഡ, റുയന്‍സില, ദുഷുര ഹില്ലിലും ദിയോഗഡ് ജില്ലയിലെ അഡാസ് മേഖലകളിലും വന്‍തോതിലുള്ള സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.

1980ലാണ് കിയോഞ്ജര്‍ ജില്ലയിലെ സ്വര്‍ണ നിക്ഷേപത്തിനായുള്ള ആദ്യ സര്‍വേ നടന്നത്. അന്ന് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജില്ലയിലെ ബനസപാല്‍ ബ്ലോക്കിലെ തരമാകാന്ത്, നായകോട്ട് പഞ്ചായത്തുകളുടെ കീഴിലുള്ള കുശാകല, ഗോപ്പൂര്‍, ജലാദിഹ തുടങ്ങിയ ഗ്രാമങ്ങളില്‍ സര്‍വേ നടത്തിയിരുന്നു. സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വേ ഫലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

പിന്നീട് 2021-22 കാലയളവില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കിയോഞ്ജര്‍ ജില്ലയിലെ സ്വര്‍ണ്ണ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പുതിയ സര്‍വേ നടത്തി. ഈ സര്‍വേവഴി ലഭ്യമായ വിവരങ്ങളും സര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് ഇപ്പോഴാണ് ഈ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News