നേതൃമാറ്റം പൂര്‍ത്തിയായിട്ടും സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

congress

നേതൃമാറ്റം പൂര്‍ത്തിയായിട്ടും സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ഇടഞ്ഞ് നില്‍ക്കുന്ന കെ സുധാകരന്‍ എഐസിസി വിളിച്ചു ചേര്‍ത്ത ഉന്നതതല ‍യോഗത്തില്‍ പങ്കെടുക്കില്ല. ദില്ലിയിലേക്ക് പോകുന്നതിന് പകരം സുധാകരന്‍ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങി. അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന നേതൃമാറ്റ ചടങ്ങിലും തുടര്‍ന്നുമെല്ലാം കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കകത്തെ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കടുത്ത അതൃപ്തി പുകയുകയാണ്. ഇടഞ്ഞ് നില്‍ക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയും ഭാരവാഹികളെയും പങ്കെടുപ്പിച്ച് എഐസിസി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ കെ സുധാകരന്‍ തയ്യാറായില്ല.

Also read: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പുതിയ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിലും കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും പ്രാഥമിക ചർച്ച നടത്താനാണ് നേതാക്കൾ ദില്ലിയിലെത്തിയത്. എന്നാല്‍ തിരുവനന്തപുരത്തുണ്ടായിരുന്ന സുധാകരന്‍ 11 മണിയോടെ കണ്ണൂരിലേക്ക് തിരിച്ചു. കണ്ണൂരില്‍ പരിപാടികളൊന്നുമില്ലാതിരുന്നിട്ടും സുധാകരന്‍ ദില്ലിയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. കേരളത്തിലെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എംപിമാരുമായി നേതൃമാറ്റ വിഷയം ചര്‍ച്ച ചെയ്തില്ല എന്നതാണ് ഉയരുന്ന പരാതി. അതുകൊണ്ടു തന്നെ എംപിമാരായ ബെന്നി ബെഹനാന്‍, ശശി തരൂര്‍, എംകെ രാഘവന്‍ ഉള്‍പ്പെടെയുളവരും ദില്ലിയിലെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള എംപിമാര്‍ ചുമതല ഏറ്റെടുക്കല്‍ ചടങ്ങും ബഹിഷ്കരിച്ചിരുന്നു.

അതേസമയം കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ രാവിലെ ദില്ലിയിൽ എത്തി. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ , ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പങ്കുവെക്കും. 13 ഡിസിസി അധ്യക്ഷൻ ആരെയും മാറ്റി പുതിയ നേതാക്കളെ കൊണ്ടുവരാനാണ് ആലോചന. കെപിസിസി ജനറൽ സെക്രട്ടറിമാരെയും പൂർണമായി മാറ്റുമെന്നാണ് വിവരം. ഇതോടെ കോണ്‍ഗ്രസിലെ പോര് രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News