
പ്രണയത്തിന് അങ്ങനെ പ്രായമൊന്നും ഒരു തടസ്സമേയല്ല, അല്ലേ ? ഏതു പ്രായത്തിലും പ്രണയിക്കാം, അതുപോലെ ഏതു പ്രായം വരെയും അത് നിലനിർത്തിക്കൊണ്ടു പോകുകയും ചെയ്യാം. ഇവിടെയിതാ അത്തരത്തിലൊരു പ്രണയത്തിന്റെ കഥയാണ് ഇനി പറയാൻ പോകുന്നത്. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ അംഭോറ ജഹാംഗീര്‍ ഗ്രാമത്തില്‍ നിന്നുള്ള നിവൃത്തി ഷിന്‍ഡേയും ജീവിതപങ്കാളി ശാന്താബായിയുമാണ് ഈ കഥയിലെ പ്രണയജോഡികൾ. 93-കാരനായ നിവൃത്തി ഷിന്‍ഡേ അടുത്തിടെ ശാന്താബായിയുമായി ഛത്രപതി സാംഭാജി നഗറിലെ (ഔറംഗാബാദ്) ജ്വല്ലറിയിലെത്തിയത് തന്റെ പ്രിയതമയ്ക്ക് താലിമാല (മംഗല്യസൂത്രം) വാങ്ങിക്കൊടുക്കാനായാണ്.
വെളുത്ത പരമ്പരാഗത വസ്ത്രമായ ‘ധോത്തി-കുർത്ത’യും തൊപ്പിയും ധരിച്ച്, ഭാര്യയോടൊപ്പം ഛത്രപതി സംഭാജിനഗറിലെ ജ്വല്ലറിയിലേക്ക് കയറി വന്നപ്പോൾ ആദ്യം ജീവനക്കാർ കരുതിയത് എന്തെങ്കിലും സഹായം ചോദിക്കാൻ ആയിരിക്കും എന്നാണ്. എന്നാല്‍ ഭാര്യയ്ക്കായി പരമ്പരാഗതമായ മംഗല്യസൂത്രം വാങ്ങിക്കൊടുക്കാനാണ് നിവൃത്തി ഷിന്‍ഡേ എത്തിയത് എന്നറിഞ്ഞപ്പോള്‍ അത് ജീവനക്കാരുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.
93-ാം വയസിലും തന്റെ ജീവിതപങ്കാളിയോടുള്ള നിവൃത്തി ഷിന്‍ഡേയുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ആ ജ്വല്ലറിയുടെ ഉടമയ്ക്ക് ആയില്ല. ഷിന്‍ഡേയില്‍ നിന്ന് വെറും 20 രൂപ മാത്രം വാങ്ങിക്കൊണ്ട് ജ്വല്ലറി ഉടമ ആ നെക്ക്‌ലെയ്‌സ് അവര്‍ക്ക് സമ്മാനമായി നല്‍കി. ‘അവര്‍ ഇരുവരും ജ്വല്ലറിയിലെത്തിയ ശേഷം ആ മനുഷ്യന്‍ 1120 രൂപ എന്റെ കയ്യില്‍ തന്നു. എന്നിട്ട് പറഞ്ഞു തന്റെ ഭാര്യയ്ക്കായി ഒരു മംഗല്യസൂത്രം വേണമെന്ന്. ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം കണ്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ മതിമറന്നുപോയി. തുടര്‍ന്ന് അനുഗ്രഹമെന്നോണം അതില്‍നിന്ന് 20 രൂപ മാത്രം എടുത്ത് അവര്‍ ആവശ്യപ്പെട്ട മംഗല്യസൂത്രം ഞാനവര്‍ക്ക് നല്‍കി.’ – ജ്വല്ലറി ഉടമ പറഞ്ഞു.
വളരെ ചെറിയ സമയം കൊണ്ടാണ് ഇരുവരുടെയും പ്രണയത്തിന്റെ ആ നിമിഷങ്ങൾ വൈറലായി മാറിയത്. രണ്ട് ദിവസം കൊണ്ട് 26 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. വീഡിയോ ഹൃദയസ്പർശിയാണെന്നും കണ്ട തങ്ങളുടെ കണ്ണ് നിറഞ്ഞുവെന്നുമെല്ലാമായി നൂറുകണക്കിന് കമന്റുകളാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ജ്വല്ലറി ഉടമയുടെ പ്രവർത്തിയെ ആളുകൾ അഭിനന്ദിക്കുകയും ചെയ്തു.
വർഷങ്ങളായി പരസ്പരം താങ്ങായി ജീവിക്കുന്നവരാണ് ഈ ദമ്പതികൾ. എവിടെയും ഒന്നിച്ചേ പോകാറുള്ളൂ.. ഇവര്‍ക്ക് ഒരു മകനുണ്ടെങ്കിലും അവനെ ആശ്രയിക്കാറില്ല. സ്വന്തം കാര്യങ്ങള്‍ സ്വയം നോക്കാനാണ് ഇരുവര്‍ക്കുമിഷ്ടം. യാത്രകളില്‍ അപരിചിതരായ നാട്ടുകാരാണ് ഇവര്‍ക്ക് ഭക്ഷണവും താമസസ്ഥലവും നല്‍കാറ്. നിലവില്‍ ആഷാദി ഏകാദശി ഉത്സവത്തിനായി പണ്ഢര്‍പുരിലേക്ക് കാല്‍നടയായി പോകുകയാണ് ഇരുവരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here