വഖഫ് ബോര്‍ഡ് പുനഃസംഘടനാ വിഷയത്തില്‍ മുസ്ലിം ലീഗിനെ വസ്തുതകള്‍ ഓർമിപ്പിച്ച് അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ. വഖഫിൽ പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്ന് ലീഗ് നേതാവ് പി എം എ സലാം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വഖഫിൽ കള്ളം പറയുന്നത് പ്രതിപക്ഷ നേതാവോ അതോ ലീഗ് നേതാക്കളോ എന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് മുസ്ലീം ഇതരരെ വഖഫ് ബോർഡിൽ നിയമിക്കാൻ ലീഗ് ന്യൂനപക്ഷ – വഖഫ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന കേരള സർക്കാരിന് സമ്മതമാണ് എന്നാണ് ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി അണ്ടർ സെക്രട്ടറി ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ ഇതരമതസ്ഥരെ ബോർഡിൽ വെക്കാമെന്ന് കോടതിയിൽ സർക്കാർ പറഞ്ഞിട്ടില്ലെന്ന് നുണ പറയുകയാണ് പി എം എ സലാം.
ALSO READ: മഴയെ പഴിചാരി യു ഡി എഫ് സർക്കാർ; പവർകട്ടിന് കാരണം ‘എൽനിനോ’യെന്ന വാദം പൊള്ളയെന്ന് കണക്കുകൾ
പഞ്ചതന്ത്രത്തിലെ “ആപ്പിലായ കുരങ്ങ്” അഥവാ സതീശ തന്ത്രത്തിൽ “വഖഫിലായ ലീഗ്”എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. ലീഗിനുള്ള മുഖ്യമന്ത്രിയുടെ ആപ്പുകള്‍ ഓരോന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ എണ്ണിയെണ്ണി പോസ്റ്റിൽ വിവരിക്കുന്നുണ്ട്. കെസി – ആർസി – വിഡി തർക്കത്തിൽ വിഡി സതീശന് വേണ്ടി പട നയിച്ചത് ലീഗാണെന്ന് കുറിച്ച അദ്ദേഹം മുഖ്യമന്ത്രിയായതിനു ശേഷം ലീഗിനുള്ള വി ഡി സതീശന്റെ ആദ്യ പണി വീര്യം കുറഞ്ഞ മദ്യത്തിലാണെന്ന് ചൂണ്ടിക്കാട്ടി. രണ്ടാം പണി പിഎം ശ്രീയിലും മൂന്നാം പണി വഖഫിലും ആണെന്ന് അദ്ദേഹം കുറിച്ചു. പണികൾ ഏറ്റുവാങ്ങാൻ ഇനിയും ലീഗണികളുടെയും നേതാക്കളുടെയും ജീവിതം ബാക്കിയെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പരിഹസിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
വഖഫിൽ കള്ളം പറയുന്നത് പ്രതിപക്ഷ നേതാവോ അതോ ലീഗ് നേതാക്കളോ?
ലീഗിന്റെ ഒന്നാമത്തെ ആപ്പ് –
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെത് ഉൾപ്പടെ നാല് പൊതുതാല്പര്യ ഹർജികളാണ് കേരള ഹൈകോടതി മുമ്പാകെ പരിഗണക്ക് വന്നത്. അതിൽ WP(C) No 135/2026 എന്ന ഹർജിയിൽ സംസ്ഥാന സര്ക്കാരിന് വേണ്ടി അണ്ടർ സെക്രട്ടറി ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലം ഇവിടെ ചേർത്തിട്ടുണ്ട്. പ്രസ്തുത മറുപടിയിൽ 2025 ലെ കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 14 നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് വ്യക്തമാക്കുന്നു – അതായതുത്തമാ രണ്ടു മുസ്ലീം ഇതരരെ വഖഫ് ബോർഡിൽ നിയമിക്കാൻ ലീഗ് ന്യൂനപക്ഷ – വഖഫ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന കേരള സർക്കാരിന് സമ്മതമാണ് മൈലോർഡ് എന്ന്.
ലീഗിന്റെ രണ്ടാമത്തെ ആപ്പ് –
സംസ്ഥാന അഡ്വക്കേറ്റ് ജനറലിന് ലീഗ് ഉൾപ്പടെയുള്ള തന്നെ നിയമിച്ച സംസ്ഥാന സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു എന്നതാണ് അടുത്ത മുഖ്യ പ്രശ്നം. ബോർഡിൽ മുസ്ലീം ഇതരരെ ഞങ്ങൾ വെച്ചോളാം എന്നും ഷോൺ ജോർജ് ഉൾപ്പടെയുള്ളവരുടെ ഹർജി തള്ളണമെന്നും സർക്കാർ ഡെപ്യൂട്ടി സെക്രട്ടറി കോടതിൽ സത്യവാങ്ങ്മൂലം നൽകുന്നു ; ഇതിന് കടകവിരുദ്ധമായി ബിജെപി നേതാവിന്റെ ഉൾപ്പടെയുള്ള പൊതുതാല്പര്യ ഹർജികളെ ഒരുപരിധിവരെ സർക്കാർ പിന്തുണക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറൽ – ഏത് അഡ്വക്കേറ്റ് ജനറൽ? യുഡിഎഫിലോ കെപിസിസിയിലോ ചർച്ചചെയ്യാതെ മുഖ്യമന്ത്രി നിയമിച്ച, സംഘബന്ധുവെന്ന് കോൺഗ്രെസ്സുകാർ തന്നെ ആരോപിക്കുന്ന എജി. എജി കോടതിയിൽ പറഞ്ഞത് ലൈവ്ലോ എന്ന പ്രമുഖ ലീഗൽ പോർട്ടൽ റിപ്പോർട്ട് ചെയ്തതും ഇവിടെ ചേർത്തിട്ടുണ്ട്.
മൂന്നാം ആപ്പ് –
2025 ലെ വഖഫ് നിയമ ഭേദഗതിയിലെ രണ്ട് മുസ്ലീം ഇതര പ്രാതിനിധ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചവർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ; ആ ഭേദഗതി പ്രകാരം രണ്ട് മുസ്ലീം ഇതരരെ ഉൾപ്പെടുത്തി കേരള സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പാമെന്ന് കേരള ഹൈകോടതിയിൽ സത്യവാങ്മൂലം നൽകുന്നത് ലീഗ് ന്യൂനപക്ഷ – വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വിഡി സതീശൻ സർക്കാർ.
വൽക്കഷ്ണം : കെസി – ആർസി – വീഡി തർക്കത്തിൽ വീഡിക്ക് വേണ്ടി പട നയിച്ചത് ലീഗ് – മുഖ്യമന്ത്രിയായതിനു ശേഷം ലീഗിനുള്ള ആദ്യ പണി വീര്യം കുറഞ്ഞ മദ്യത്തിൽ ; രണ്ടാം പണി പിഎം ശ്രീയിൽ, മൂന്നാം പണി വഖഫിൽ – പണികൾ ഏറ്റുവാങ്ങാൻ ഇനിയും ലീഗണികളുടെയും നേതാക്കളുടെയും ജീവിതം ബാക്കി.
തെളിവുകൾ പൊതുസമക്ഷം മൈലോർഡ്!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

