ശ്രീറാം രാഘവന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ഏജന്റ് വിനോദ്’. ഈ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ‘ഏജന്റ് വിനോദ്’ പരാജയപ്പെട്ടത് ചിത്രത്തിലെ പ്രധാന താരങ്ങളായ കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ എന്നിവരുടെ നിരവധി “ഇടപെടലുകൾ” മൂലമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ ലളിത് പരിമൂ.
ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ലളിത് പരിമൂവിന്റെ പ്രതികരണം. സിനിമ പരാജയപ്പെടാനുള്ള പ്രധാന കാരണം താരങ്ങളായ സെയ്ഫിന്റെയും കരീനയുടെയും അമിതമായി ഇടപെടൽ കൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം സംവിധായകൻ ശ്രീറാമിന് ആഗ്രഹിച്ചതുപോലെ ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു.
“എന്താണ് ചെയ്യേണ്ടതെന്ന് അവർ അദ്ദേഹത്തോട് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. നിർമാതാക്കൾക്ക് അവർക്ക് വേണ്ടത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അതായിരുന്നു സിനിമയുടെ പോരായ്മയും. സിനിമ ഒരു സംവിധായകന്റെ മാധ്യമമാണ്, സംവിധായകന് ഒരു ദർശനമുണ്ടെങ്കിൽ ആളുകൾ അത് പിന്തുടരണം.
ALSO READ: അറിഞ്ഞോ, ‘അതിരടി’ ഒടിടിയിലേക്ക് എത്തുകയായി! സ്ട്രീമിങ് എവിടെ?
ഒരു താരമാണ് എന്നതുകൊണ്ട് മാത്രം നടൻ എന്തെങ്കിലും നിർദേശിക്കുന്നത് ശരിയല്ല. ഇത്തരം ക്രമീകരണങ്ങൾ സിനിമയെ നശിപ്പിക്കും,” ലളിത് പരിമൂ പറഞ്ഞു. ഇത് സംബന്ധിച്ച് ശ്രീറാം രാഘവന്‍ കൂടുതൽ കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടില്ലെന്നും, എന്നാൽ അവരുടെ ഇടപെടലിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ‘ഏജന്റ് വിനോദി’ൽ സെയ്ഫ് ഒരു റോ ഏജന്റായാണ് വേഷമിട്ടത്. കരീന ഒരു ചാരയായും അരങ്ങിലെത്തി. ഏകദേശം 60 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം റഷ്യയിലും സ്വിറ്റ്സർലൻഡിലുമായാണ് ചിത്രീകരിച്ചത്. ഇന്ത്യയിൽ ലഡാക്ക്, മുംബൈ, ജയ്സാൽമീർ, ദില്ലി എന്നിവിടങ്ങളിലും ഷൂട്ടിങ് നടന്നു. ഏകദേശം രണ്ട് വർഷമെടുത്താണ് സിനിമ പൂർത്തിയായത്. ഗുൽഷൻ ഗ്രോവർ, പ്രേം ചോപ്ര, രാം കപൂർ, രവി കിഷൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

