ബിരുദധാരികൾക്ക് വിമാനത്താവളങ്ങളിൽ ജോലി നേടാൻ അവസരം വന്നെത്തി. രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലാണ് അവസരങ്ങളുള്ളത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കാർഗോ സ്ഥാപനമായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS) സെക്യൂരിറ്റി സ്ക്രീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേരളത്തിലുൾപ്പെടെ 158 ഒഴിവുകളാണ് ഉള്ളത്.
ജൂൺ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.കോഴിക്കോട് (17 ഒഴിവുകൾ), പട്ന (37 ), ഉദയ്‌പുർ (34), ട്രിച്ചി (28), കൊൽക്കത്ത ( 25 ), ഡെറാഡൂൺ(17) എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദത്തിൽ 60 ശതമാനം കുറയാതെയുള്ള മാർക്ക് നേടി വിജയിച്ചവരാണ് അപേക്ഷിക്കേണ്ടത്. പട്ടിക വിഭാഗം അപേക്ഷകർക്ക് 5 ശതമാനം മാർക്ക് ഇളവുണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ ഇവ സംസാരിക്കുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.വിമുക്തഭടന്മാർക്ക് നിബന്ധനകൾക്ക് വിധേയമായി പരമാവധി 5 വർഷത്തെ ആനുകൂല്യം ഉണ്ട്.
also read:സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം റദ്ദാക്കി പഴയരീതിയിൽ മൂല്യനിർണയം നടത്തണം; ആവശ്യം ശക്തമാക്കി വിദ്യാർഥികൾ
തെരഞ്ഞെടുക്കുന്നരീതി
ഉദ്യോഗാർത്ഥികളുടെ ബിരുദ തലത്തിലെ മാർക്കിനെ ആസ്പദമാക്കി ഷോർട്ട്ലിസ്റ്റ് തയാറാക്കുന്നതാണ് ആദ്യഘട്ടം. അടുത്ത ഘട്ടം ഓൺലൈനായുള്ള ആശയവിനിമയം (ഇന്ററാക്ഷൻ ) ആയിരിക്കും. ഇതുതന്നെ അഭിമുഖമായി പരിഗണിക്കും. തുടർന്നുള്ള മെഡിക്കൽ പരിശോധനക്കു ശേഷം സെലക്ഷൻ ലിസ്റ്റ് തയാറാക്കും. തെരഞ്ഞെടുത്തവർക്ക് സ്ഥാപനത്തിന്റെ ഉത്തരവാദിത്തത്തിൽ നാലു മാസം നീണ്ടുനിൽക്കുന്ന വിദഗ്ദ പരിശീലനം നൽകും. ഈ സമയത്ത് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
പരിശീലന കാലയളവിലെ യാത്ര, അനുബന്ധ കാര്യങ്ങൾ തുടങ്ങിയവയുടെ ചെലവ് സ്ഥാപനമായിരിക്കും വഹിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കി ഇതിനനുസൃതമായ പരീക്ഷകൾ പാസ്സായവരെ സർട്ടിഫൈഡ് സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ നിയമിക്കും. ഇത് മൂന്നു വർഷത്തേക്കായിരിക്കും. ആദ്യത്തെ വർഷം 30,000 രൂപ രണ്ടാം വർഷം 32,000 രൂപ മൂന്നാം വർഷം 34,000 രൂപ എന്നതായിരിക്കും പ്രതിമാസ ശമ്പളം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

