
ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കുറിപ്പുമായി ആലിയ ഭട്ട്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട് എന്നും വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘അമ്മമാരുടേത് വലിയ ത്യാഗമാണ്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്. തന്റെ കുട്ടി നേരിടുന്നത് താരാട്ടുപാട്ടുകളുടേതല്ല, മറിച്ച് അനിശ്ചിതത്വത്തിന്റെ രാത്രിയാണെന്ന് അറിയുന്ന അമ്മ… ഞായറാഴ്ച നാം മാതൃദിനം ആഘോഷിച്ചു. പൂക്കള്‍ കൈമാറുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍, വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഇന്ന് രാത്രിയിലും ഇനി വരുന്ന എല്ലാ രാത്രികളിലും, സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കുറയുകയും സമാധാനത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കൂടുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥനകളുമായി നില്‍ക്കുന്ന, കണ്ണീരടക്കിപ്പിടിക്കുന്ന ഓരോ രക്ഷിതാക്കള്‍ക്കും സ്‌നേഹം അയക്കുന്നു. കാരണം നിങ്ങളുടെ ശക്തി നിങ്ങള്‍ക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. നമ്മുടെ സംരക്ഷകര്‍ക്കായി. ഇന്ത്യക്കായി. ജയ് ഹിന്ദ്..’ എന്നാണ് താരം കുറിച്ചത്.
അതേസമയം ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതൽ പേർ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ട്. പ്രദേശത്ത് സൈന്യം തിരച്ചിൽ ഊർജിതമാക്കി. ഭീകരരും സുരക്ഷാ സേനയും തമ്മിൽ തുടർച്ചയായ വെടിവയ്പ്പ് നടക്കുകയാണ്.
പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘം പ്രദേശത്ത് വളഞ്ഞും തിരച്ചിൽ നടത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംശയാസ്പദമായ സ്ഥലത്തേക്ക് സൈന്യം അടുക്കുമ്പോൾ, പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്തു, സുരക്ഷാ സേന തിരിച്ചടിച്ചു. രണ്ടോ മൂന്നോ തീവ്രവാദികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here