ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ കള്ളക്കേസിനെ ശക്തമായി അപലപിക്കുന്നതായി സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ. ഇന്ത്യയിലെ ന്യൂനപക്ഷത്തിന് സ്വാതന്ത്ര്യമായി ജീവിക്കുവാനും ആരാധിക്കുവാനും ഉള്ള അവകാശം കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണം. ഇപ്പോൾ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു പിന്നിൽ നിരവധി ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമം രാജ്യത്ത് വർധിച്ചുവരുകയാണ്. കേന്ദ്രസർക്കാർ വിഷയത്തെ ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും എംപിമാരും അടക്കം നിരവധി പേർ കടുത്ത പ്രതിഷേധമുയർത്തി. കന്യാസ്ത്രീകളുടെ അറസ്റ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ആര്‍ എസ് എസ് നടത്തുന്ന ഏറ്റവും പുതിയ നീക്കമെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. അറസ്റ്റിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി രാജീവും പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി സർക്കാരുകൾ നടത്തുന്ന കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സംഭവമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചു. രാജ്യത്താകെ ന്യൂനപക്ഷങ്ങളെ നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംഭവത്തിൽ ഡോ. ജോൺ ബ്രിട്ടാസ് അടക്കമുള്ള ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

