
ഗ്യാരന്‍റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാനങ്ങൾ ഗ്യാരന്റി നിൽക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന റിസ്‌ക്ക് തരണം ചെയ്യുന്നതിനുള്ള ഒരു ബഫർ ഫണ്ടായി ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഈ ഫണ്ടിലെ നിക്ഷേപം 5 വർഷം കൊണ്ട് ഔട്ട് സ്റ്റാന്റിങ് ഗ്യാരന്റിയുടെ 5 ശതമാനം എന്ന തോതിലേക്ക് ഉയർത്തണം.
ജിആർഎഫ് രൂപീകരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയിൽ കുറവ് വരുന്നത് ഒഴിവാക്കാൻ ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
ALSO READ; പടുത്തുയർത്തിയത് ഇടത് സർക്കാരാണ്; കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല: ലോകോത്തരം കേരളത്തിന്‍റെ ആരോഗ്യം
പെൻഷൻ പരിഷ്‌കരണം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വ്യവസ്ഥകൾക്കനുസരിച്ച് പരിഷ്‌ക്കരിക്കും. സർക്കാർ ജീവനക്കാർക്ക് അനുവദിച്ച തീയതി മുതൽ പെൻഷൻ പരിഷ്‌ക്കരണം പ്രാബല്യത്തിൽ വരും.
തസ്തിക
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. ആയുർവേദ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിൽ ആയുർവേദ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരുടെ 7 അധിക തസ്തികകൾ സൃഷ്ടിക്കും. എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 2 സൂപ്പർ ന്യൂമറി തസ്തിക വ്യവസ്ഥകളോടെ സൃഷ്ടിക്കും. കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തിക പുനഃസ്ഥാപിക്കും.
സായുധ പോലീസ് ബറ്റാലിയനിൽ റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാർക്ക് പരിശീലനം നൽകുന്നതിന് 413 താൽക്കാലിക പരിശീലന തസ്തികകൾക്കും 200 ക്യാമ്പ് ഫോളോവർ തസ്തികകൾക്കും തുടർച്ചാനുമതി നൽകി. 04.03.2024 മുതൽ 2026 മെയ് 31 വരെയാണ് തുടർച്ചാനുമതി.
കൊല്ലം വെടിക്കുന്ന് ഭാഗത്ത് തീരസംരക്ഷണത്തിനായുള്ള പദ്ധതി നടപ്പാക്കാൻ അനുമതി നൽകി. 9.8 കോടി രൂപയുടെ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here