വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ കോൺഗ്രസ് നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസിനും നേരിട്ട് പങ്കുള്ളതായി വെളിപ്പെടുത്തൽ. ഭാര്യക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് എംഎൽഎയുടെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന കൈനിക്കൽ ബെന്നി 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ബത്തേരി വടക്കനാട് സ്വദേശിയായ അനീഷ് ജോസഫ് കൈരളിന്യൂസിനോട് വെളിപ്പെടുത്തി.
ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും ഡിസിസി ജനറൽ സെക്രട്ടറി കെ ഇ വിനയനും മുഖേന ജോലി നൽകാമെന്ന് പറഞ്ഞാണ് ബെന്നി 15 ലക്ഷം രൂപ വാങ്ങിയതെന്നാണ് വെളിപ്പെടുത്തൽ.2013- 14ൽ ആണ് പണം കൊടുത്തത്. വടക്കനാട് ബെന്നിയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന വ്യക്തിയാണ് പരാതിക്കാരൻ. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ ഭാര്യയ്‌ക്ക് ജോലി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം
രൂപയാണ് നൽകിയത്. പൈസ കൊടുത്തപ്പോൾ ഉറപ്പിനുവേണ്ടി വിജയ ബാങ്കിന്റെ രണ്ട് ചെക്കും തന്നുവെന്ന് അനീഷ് വെളിപ്പെടുത്തി.
ജോലി കിട്ടാതായപ്പോൾ പൈസ തിരികെ ചോദിച്ചു. നിരന്തരം ചോദിച്ചപ്പോൾ രണ്ടര ലക്ഷത്തോളം രൂപ തിരികെ തന്നു. ഇനി പണം കിട്ടുമെന്ന് പ്രതീക്ഷയിലെന്നും അനീഷ് പറഞ്ഞു.
നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് കുറേപേർ പരാതി നൽകിതറിഞ്ഞപ്പോഴാണ് ഇരയായ ഞാനും പരാതി നൽകാൻ തീരുമാനിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തമിഴ്‌നാട് നീലഗിരിയിലാണ് അനീഷ് താമസിക്കുന്നത്.
Also Read: ആരോപണ വിധേയരെ മാറ്റണമെന്ന ആവശ്യം ശക്തം; വയനാട്ടിൽ നേതൃമാറ്റത്തിന് കോൺഗ്രസ്
എൻ എം വിജയന്റെയും മകന്റെയും മരണത്തിലും നിയമനക്കോഴയിലും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ പങ്ക് കൂടുതൽ തെളിയിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. ബാങ്ക് നിയമനത്തിന് എംഎൽഎ നൽകിയ ശുപാർശക്കത്ത് കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് ഓഫീസ് സ്‌റ്റാഫും പണം വാങ്ങിയതായുള്ള വെളിപ്പെടുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

