എസ്ഐആറിൽ നിന്ന് പേര് ഒഴിവാക്കിയതിന്റെ പേരിൽ ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ നിരസിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. മുതിർന്ന മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കുന്നത് നിഷേധിച്ച വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ വ്യക്തിപരമായി ഇടപെടണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
ഒരാളുടെ വ്യക്തിപരമായ പ്രശ്നം എന്നതിനപ്പുറം ഇത് 1967 ലെ പാസ്പോർട്ട് നിയമം നടപ്പിലാക്കുന്നതിലും ആർട്ടിക്കിൾ 21 പ്രകാരം ഒരു പൗരന് വിദേശയാത്ര നടത്താനുള്ള മൗലികാവകാശത്തിലും വലിയ ആശങ്ക ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയത് പാസ്‌പോർട്ട് പുതുക്കൽ നിഷേധിക്കാനുള്ള കാരണമായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചു.
പാർലമെന്റ് പാസ്‌പോർട്ട് നിയമത്തിൽ ഇങ്ങനെ ഒരു അയോഗ്യത വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ ഒരു നിയമപ്രകാരം പ്രവർത്തിക്കുന്ന അതോറിറ്റിക്ക് മറ്റൊരു നിയമപ്രകാരമുള്ള അതോറിറ്റിയുടെ തീരുമാനത്തെ റദ്ദാക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
2005 ലാണ് രാജഗോപാലിന് പാസ്പോർട്ട് ലഭിക്കുന്നത്. പിന്നീട് ഇത് 2015 ൽ കൃത്യമായ നിയമപരിശോധനകൾക്ക് ശേഷം അദ്ദേഹം പുതുക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തിൽ വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതു കൊണ്ട് ഇപ്പോൾ പാസ്പോർട്ട് പുതുക്കി നൽകാത്തത് മന്ത്രാലയം തങ്ങളുടെ മുൻകാല നടപടിയെ തന്നെ സംശയിക്കുന്നതിന് തുല്യമാണെന്നും കത്തിൽ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ സത്വന്ത് സിംഗ് സാഹ്നി, മേനക ഗാന്ധി കേസുകളിലെ മുമ്പത്തെ വിധികൾ ചൂണ്ടിക്കാണിച്ച് പാസ്‌പോർട്ട് നിയമത്തിന് പുറത്തുള്ള മറ്റു കാരണങ്ങളാൽ ഒരാൾക്ക് പാസ്‌പോർട്ട് നിഷേധിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് പാസ്പോർട്ട് പുതുക്കുന്നത് നിഷേധിക്കാനുള്ള നിയമപരമായ കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി കത്തിൽ പറഞ്ഞു. ആർ രാജഗോപാലിന്റെ വിഷയത്തിൽ 1967-ലെ പാസ്‌പോർട്ട് നിയമപ്രകാരം മാത്രം തീരുമാനമെടുക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

