
ഗോപി മഞ്ചൂരിയൻ തയ്യാറാക്കുമ്പോൾ ഉള്ളി അരിഞ്ഞ് വഴറ്റി തയ്യാറാക്കണോയെന്നതിൽ പലപ്പോഴും കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. ഇനി അതിലൊരു കൺഫ്യൂഷൻ വേണ്ട. ഇങ്ങനെ തയ്യാറാക്കി നോക്കൂ. പൊറോട്ടക്കും ചപ്പാത്തിക്കും ഒപ്പം ബീഫില്ലെങ്കിലും ഉഗ്രൻ കോമ്പിനേഷനാണ് ഗോപി മഞ്ചൂരിയൻ.
ഗോപി മഞ്ചൂരിയൻ തയ്യാറാക്കാൻ സവാള ചതുരത്തില്‍ ആണ് അരിയേണ്ടത്. രണ്ട് സവാള വേണം. ഒരു ചെറിയ കോളി ഫ്ലവര്‍ ചെറുതാക്കി മുറിച്ചെടുക്കണം. ആറ് പച്ചമുളകും രണ്ട് വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് വേണം. ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിയണം. ഒരു കാപ്സിക്കം ചതുരത്തില്‍ അരിഞ്ഞതാണ് വേണ്ടത്. കാല്‍ കപ്പ് കോണ്‍ ഫ്ലവര്‍ എടുക്കണം. മൈദയും കാല്‍ കപ്പ്. സോയ സോസ് രണ്ട് ടേബിള്‍ സ്പൂണ്‍ മതി. റ്റൊമാറ്റോ സോസ് രണ്ട് ടേബിള്‍ സ്പൂണ്‍ വേണം. കാശ്മീരി മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍ വേണം. കുരുമുളക് പൊടി ഒരു സ്പൂണ്‍ മതി. പഞ്ചസാരയും ഒരു സ്പൂണ്‍ മതിയാകും. ആവശ്യത്തിന് മാത്രം ഉപ്പ് ഇടുക. എണ്ണ, ആവശ്യത്തിന് വെള്ളം എന്നിവ ഒരു കപ്പ് മതിയാകും.
പാചകം ചെയ്യുന്ന വിധം
ഉള്ളി വഴറ്റണോ എന്നതാണല്ലൊ സംശയം. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുളളി എന്നിവ വഴറ്റിയെടുക്കണം. ആദ്യം കോണ്‍ഫ്ലവര്‍, മൈദ, ഉപ്പ് ഇവ പാകത്തിന് വെള്ളം ചേര്‍ത്ത് നല്ല കട്ടിയില്‍ മിക്സ് ചെയ്ത് പേസ്റ്റ് പോലെയാക്കണം. ശേഷം അരിഞ്ഞെടുത്ത കോളിഫ്ലവര്‍ ഈ പേസ്റ്റില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരി മാറ്റി വെയ്ക്കണം. അധികം മൊരിഞ്ഞുപോകരുത്. മൊരിഞ്ഞുപോയാൽ നിറംമാറും. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കാപ്സിക്കം ചേര്‍ക്കണം. കാപ്സിക്കവും അധികം വേവരുത്.
ശേഷം സോയ സോസ് ചേര്‍ക്കണം. ഒപ്പം കശ്മീരി മുളകുപൊടി ചേര്‍ത്ത് വഴറ്റുക. എന്നിട്ട് ഒരു കപ്പ് വെള്ളം കൂടെ ഇതിലേക്ക് ചേര്‍ത്തുകൊടുക്കണം. ഇതില്‍ കുരുമുളക് പൊടി ചേര്‍ക്കുക. ഒപ്പം പഞ്ചസാരയും ഉപ്പും ചേര്‍ക്കാം. ശേഷം നന്നായി തിളപ്പിക്കണം. തിക്ക് ഗ്രേവി വേണമെങ്കിൽ കുറച്ച് കോണ്‍ഫ്ളവര്‍ കലക്കി ഒഴിക്കണം. ശേഷം വറുത്ത് വെച്ച കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി മിശ്രണം ചെയ്ത് അടുപ്പത്തുനിന്ന് ഇറക്കി വെക്കാം. ശേഷം ഇത് ചേർത്ത് ചോറോ പൊറോട്ടയോ അപ്പമോ ചപ്പാത്തിയോ കഴിക്കാം. ഉഗ്രനായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

