പഞ്ചാബ് കിങ്‌സിന് ഐ പി എല്ലില്‍ ഏറ്റവും മോശപ്പെട്ട സീസണായിരുന്നു കഴിഞ്ഞ വര്‍ഷം. 14 കളികളില്‍ അഞ്ച് ജയത്തോടെ ഒമ്പതാം സ്ഥാനത്തായിരുന്നു അവര്‍. എതിരാളികളെ ഒരുതരത്തിലും ഭയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ ടീം ഘടനയിലും തന്ത്രങ്ങളിലും ചില മാറ്റങ്ങളുമായാണ് പഞ്ചാബ് വരുന്നത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഐ പി എല്‍ കിരീടം നേടിയ ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയും കഴിഞ്ഞ സീസണ്‍ വരെ ദില്ലി ക്യാപിറ്റല്‍സിനൊപ്പം പ്രവര്‍ത്തിച്ച റിക്കി പോണ്ടിങ്ങിനെ മുഖ്യ പരിശീലകനായി എത്തിച്ചുമാണ് ഇത്തവണ പഞ്ചാബ് പടയൊരുക്കം. പ്രഭ്സിമ്രാന്‍ സിംഗിനെയും ശശാങ്ക് സിംഗിനെയും മാത്രം നിലനിര്‍ത്തുകയും മെഗാ ലേലത്തില്‍ 18 കോടി രൂപയ്ക്ക് റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങിനെ തിരികെ വാങ്ങിയുമാണ് പഞ്ചാബ് വരുന്നത്.
ടീമിലെ പരിചിതമായ മറ്റൊരു മുഖം ഗ്ലെന്‍ മാക്സ്‌വെല്ലാണ്, മുമ്പ് 2014- 2017ലും 2020ലും അവര്‍ക്കായി കളിച്ചിട്ടുണ്ട്. മാക്സ്‌വെല്ലിനെ കൂടാതെ, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡി, സേവ്യര്‍ ബാര്‍ട്ട്ലെറ്റ് എന്നീ നാല് ഓസ്ട്രേലിയക്കാരെ കൂടി ലേലത്തില്‍ ടീമിലെത്തിച്ചു. ഓള്‍റൗണ്ടറായി അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍സായി, ദക്ഷിണാഫ്രിക്കക്കാരന്‍ മാര്‍ക്കോ യാന്‍സെന്‍ എന്നിവരും ഉണ്ട്. ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍, ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ഐ പി എല്‍ പരിചയസമ്പന്നരായ കുല്‍ദീപ് സെന്‍, യാഷ് താക്കൂര്‍ എന്നിവരും ടീമിലുണ്ട്.
ഐ പി എല്‍ 2014-ലാണ് പഞ്ചാബ് അവരുടെ മികച്ച പ്രകടനം നടത്തിയത്. അന്ന് അവസാന നാലില്‍ എത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇത്തവണ മികച്ച പ്രകടനം വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിയുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷ. എല്ലാ വിഭാഗങ്ങളിലും മികവുള്ള കളിക്കാര്‍ ഒപ്പമുണ്ടെന്നതും ഇത്തവണത്തെ സവിശേഷതയാണ്. ദില്ലി പ്രീമിയര്‍ ലീഗില്‍ ഒരു ഓവറില്‍ ആറ് സിക്സറുകള്‍ പറത്തി 50 പന്തില്‍ 120 റണ്‍സ് അടിച്ചുകൂട്ടിയ പ്രിയാന്‍ഷ് ആര്യ ഇത്തവണ പഞ്ചാബ് നിരയിലുണ്ട്. മറ്റൊരു യുവതാരം സൂര്യന്‍ഷ് ഷെഡ്ഗെ മികച്ച ഫിനിഷറാണ്.
ബോളിങ്ങിലും ബാറ്റിങ്ങിലും വമ്പന്‍മാരില്ലെങ്കിലും സമ്മിശ്രമായ ടീമിനെയാണ് പഞ്ചാബ് അണിനിരത്തുന്നത്. പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയതാണ് പഞ്ചാബ്. ശ്രേയസ് അയ്യരുടെ ഫോമും ക്യാപ്റ്റന്‍സി മികവും നിര്‍ണായകമാകും. കൂടാതെ റിക്കി പോണ്ടിന്റെ തന്ത്രങ്ങളിലും പഞ്ചാബ് ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. 2014ന് ശേഷം പ്ലേ ഓഫ് യോഗ്യത നേടുകയാണ് ഇത്തവണ പഞ്ചാബിന്റെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

