കെഎസ്ആർടിസി ബസിന്‍റെ ചില്ല് അടിച്ചുപൊട്ടിക്കുകയും ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്ത സ്ത്രീ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ഭാര്യയാണെന്ന പ്രചാരണം വ്യാജം. യുഡിഎഫ്-ബിജെപി എന്നിവർ വ്യാജപ്രചാരണം നടത്തുകയാണെന്നും തന്റെ ഭാര്യയല്ല ആ സ്ത്രീയെന്നും വി. വസീഫ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വസീഫിന്റെ പ്രതികരണം.
നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്ന് വസീഫ് കുറ്റപ്പെടുത്തി. ഇന്നലെ മാധ്യമങ്ങളിൽ വൈറൽ ആയ കെഎസ്ആർടിസി ബസ് നിർത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോവെച്ച് അത് തന്റെ ഭാര്യ ആണെന്നും പറഞ്ഞു ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്. ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ചാണ് പ്രചാരണം. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് വ്യാപക പ്രചാരണം നടത്തുന്നത്. സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്‌നേഹത്തോടെ പറയാനുള്ളത് ആ വീഡിയോയിൽ കണ്ട സ്ത്രീ തന്റെ ഭാര്യ അല്ലെന്നു മാത്രമല്ല തനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ലെന്നും വസീഫ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കേരളത്തിൽ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് വലതുപക്ഷ കൂട്ടായ്മ. നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ് അവർ. എന്നാൽ ഭയമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വസീഫ് കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

