ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു; സമസ്ത നേതാവിന്റെ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

jamaat-e-islami-extremism-samastha

നിലമ്പൂരിൽ വെൽഫെയർ പാർട്ടി യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ പ്രവർത്തനങ്ങളും ചർച്ചയാകുന്നു. തീവ്രവാദിയാകുന്ന മുസ്ലിം യുവാവിൻ്റെ കഥ പറയുന്ന ദൈവനാമത്തിൽ സിനിമ എഴുതിയ ഷൗക്കത്തിന് ആണ്, സിമിയുടെയും മറ്റ് നിരവധി തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ബീജാവാപത്തിന് മൂലകാരണമായ മതരാഷ്ട്രവാദത്തിൻ്റെ സംസ്ഥാപകരായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെന്നത് മറ്റൊരു വൈരുധ്യമാണ്. ഏതായാലും ഇപ്പോൾ ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി വ്യക്താക്കിയിട്ടുണ്ട്. നേരത്തേ സമസ്ത യുവ നേതാവ് മാളിയേക്കൽ സുലൈമാൻ സഖാഫി നടത്തിയ ഒരു പ്രസംഗം നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജമ്മു കശ്മീരിലെ ഒന്‍പത് തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് അവരുടെ അമ്പതാം വാര്‍ഷിക പതിപ്പിൽ എഴുതിയതായി സുലൈമാൻ സഖാഫി ചൂണ്ടിക്കാട്ടുന്നു. സംഘടനാ സഹായവും ആശയ സഹായവുമാണ് ഈ സംഘടനകൾക്ക് ജമാഅത്തെ ഇസ്ലാമി നല്‍കുന്നത്. ഈ പുസ്തകം ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും സുലൈമാൻ സഖാഫി വ്യക്തമാക്കുന്നു.

Read Also: ജമാഅത്ത്- യു ഡി എഫ് അവിശുദ്ധ ബന്ധം തള്ളി മുസ്ലിം സമുദായം

മുസ്ലിംകളെ 50 വര്‍ഷം പിറകോട്ട് നടത്തിച്ച വാദമാണ് ജമാഅത്തെ ഇസ്ലാമിയുടെ ഹാകിമിയ്യത് വാദം അഥവാ മതരാഷ്ട്രവാദം. ഭരണകൂടവും കോടതികളും പാര്‍ലമെന്റും സര്‍ക്കാര്‍ സര്‍വീസും സ്‌കൂളും സർവകലാശാലകളുമെല്ലാം താഗൂത്ത് (ബഹുദൈവാരാധന) ആണെന്ന് പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയത്. താഗൂത്ത് ആയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനോ സർക്കാർ ജോലി നേടാനോ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ കോടതി വ്യവഹാരം നടത്താനോ പാടില്ലെന്നതാണ് അബുൽ അഅ്ലാ മൌദൂദിയുടെ ഹാകിമിയ്യത്, താഗൂത്ത്, ഇഖാമതുദ്ദീൻ എന്നിങ്ങനെയൊക്കെയുള്ള മതരാഷ്ട്രവാദമെന്നും സുലൈമാൻ സഖാഫി പറയുന്നു.


ഈ ഘട്ടത്തിൽ രാഷ്ട്രീയ മേലാളന്മാരായും മുസ്ലിം സമുദായത്തിന്റെ രക്ഷിതാവ് ചമഞ്ഞും ജമാഅത്തെ ഇസ്ലാമി വരേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ തൃശൂരിൽ നടന്ന എസ് വൈ എസ് കേരള യൂത്ത് കോണ്‍ഫറന്‍സിലാണ് സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഇക്കാര്യങ്ങൾ പറഞ്ഞത്.

അതേസമയം, ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ ഭാഗമല്ലെന്നാണ് കേരളത്തിലെ മൌദൂദി ആശയക്കാർ പറയാറുള്ളത്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയിൽ ജമ്മു കശ്മീർ മാത്രം എങ്ങനെയാണ് പുറത്തുപോകുന്നതെന്ന മറുചോദ്യത്തിന് ഇവർക്ക് മറുപടിയുമില്ല. പാകിസ്ഥാനി, ബംഗ്ലാദേശി ജമാഅത്തെ ഇസ്ലാമിയും തങ്ങളുമായി ബന്ധമില്ലെന്ന് പറയുന്നു. എന്നാൽ ഇവിടങ്ങളിലെ രാഷ്ട്രീയ നേട്ടത്തിലും മറ്റ് അനുകൂല സംഭവങ്ങളിലും കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ആഘോഷം നടത്താറുമുണ്ട്. അവരുടെ മാധ്യമങ്ങളിലും സെമിനാറുകളിലും രചനകളിലും ഈ ആഘോഷം നിഴലിക്കാറുമുണ്ട്. മാത്രമല്ല, ഈജിപ്തിലെ ബ്രദർഹുഡ് നേട്ടങ്ങളും മുല്ലപ്പൂ വിപ്ലവങ്ങളും മുർസി ഭരണകൂടത്തെയും നന്നായി ആഘോഷിച്ചവർ കൂടിയാണ് കേരള ജമാഅത്തെ ഇസ്ലാമിക്കാർ എന്നതും ചേർത്തുവായിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News