ഗുജറാത്തിൽ തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാൻ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ പുറത്തുവിട്ട മാർഗ്ഗരേഖകൾക്ക് (SOP) എതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി. രാജ്യസുരക്ഷ ഉറപ്പാക്കാൻ നിയമസംവിധാനങ്ങൾക്ക് അവകാശമുണ്ടെങ്കിലും താടി വളർത്തിയതിന്റെ പേരിലോ, വസ്ത്രധാരണത്തിന്റെയോ മതപരമായ ആചാരങ്ങളുടെയോ പേരിലോ സാധാരണക്കാരായ പൗരന്മാരെ തീവ്രവാദികളായി മുദ്രകുത്താൻ പൊലീസിന് അധികാരം നൽകുന്ന തരത്തിലുള്ള നയങ്ങൾ നടപ്പിലാക്കാൻ അനുവദിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാവിരുദ്ധമായ മാർഗ്ഗരേഖകൾ നടപ്പിലാക്കുന്നത് അടിയന്തരമായി മരവിപ്പിക്കണമെന്നും ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയെക്കൊണ്ട് ഇത് സമഗ്രമായി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാരിനും മുഖ്യമന്ത്രിക്കും ജോൺ ബ്രിട്ടാസ് എംപി കത്തയച്ചിട്ടുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആളുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സന്ദേശങ്ങൾ കൈമാറുന്ന ആപ്പുകൾ എന്നിവ നിരീക്ഷിക്കാനും അവരുടെ വിവരങ്ങൾ ശേഖരിച്ച് പ്രൊഫൈൽ ചെയ്യാനും ഇതിൽ നിർദ്ദേശമുണ്ട്. ഇവ ഭരണഘടന ഉറപ്പുനൽകുന്ന സമത്വം, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, മതസ്വാതന്ത്ര്യം എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രാജ്യസുരക്ഷ ഉറപ്പാക്കേണ്ടത് നിയമസംവിധാനങ്ങളുടെ പ്രധാനപ്പെട്ട കർത്തവ്യമാണ്. എന്നാൽ, ആ കർത്തവ്യത്തിന്റെ മറവിൽ അപരമതവിദ്വേഷവും ന്യൂനപക്ഷ ചൂഷണവും ഒരു വിഭാഗം ജനങ്ങളെ അരികുവൽക്കരിക്കലും ലക്ഷ്യമിട്ട് നിയമസംവിധാനങ്ങളെ ഉപയോഗിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
ഗുജറാത്തിൽ തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാൻ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ പുറത്തുവിട്ട മാർഗ്ഗരേഖകൾ (SOP) ഭരണഘടനാവിരുദ്ധവും ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ളതുമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. “ആരെയാണ് ഒരു തീവ്രചിന്താഗതിക്കാരൻ (radicalised person) എന്ന് വിളിക്കാൻ കഴിയുക?” എന്നതാണ് ഈ മാർഗ്ഗരേഖയിലെ പ്രധാന പ്രതിപാദ്യം. ഇതിൻപ്രകാരം പെട്ടെന്ന് താടി വളർത്തുക, നിഖാബ് ധരിക്കുക, സാധാരണ സംഭാഷണങ്ങളിൽ അറബിക് വാക്കുകൾ ഉപയോഗിക്കുക, മുസ്ലിം സമുദായത്തെ ബാധിക്കുന്ന ആഗോള സംഭവങ്ങളിൽ ശക്തമായി പ്രതികരിക്കുക, തന്ത്രപ്രധാനമെന്ന് കരുതുന്ന പള്ളികളും മദ്രസകളും സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവരെ ‘തീവ്രവാദ സ്വഭാവമുള്ളവരായി’ (radical individual) സംശയിക്കാമെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതുമാത്രമല്ല, ആളുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സന്ദേശങ്ങൾ കൈമാറുന്ന ആപ്പുകൾ എന്നിവ നിരീക്ഷിക്കാനും അവരുടെ വിവരങ്ങൾ ശേഖരിച്ച് പ്രൊഫൈൽ ചെയ്യാനും ഇതിൽ നിർദ്ദേശമുള്ളതായി വാർത്തകളുണ്ട്. ഇവ ഭരണഘടന ഉറപ്പുനൽകുന്ന സമത്വം, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, മതസ്വാതന്ത്ര്യം എന്നിവയുടെ നഗ്നമായ ലംഘനമാണ്. ഈ മാർഗ്ഗരേഖകൾ തീവ്രവാദത്തെ ചെറുക്കാൻ വേണ്ടിയാണെന്ന ന്യായീകരണവുമായി പലരും വന്നേക്കാം. എന്നാൽ ഒരു ജനവിഭാഗത്തെ പൂർണ്ണമായും സംശയനിഴലിൽ നിർത്തിക്കൊണ്ട് അത് സാധ്യമല്ല. നിയമസംവിധാനവും ജനങ്ങളും തമ്മിലുള്ള പരസ്പരവിശ്വാസമാണ് തീവ്രവാദത്തെ ചെറുക്കാൻ സഹായകമാകുന്നത്. ഈ മാർഗ്ഗരേഖകൾ ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് കത്തിവെക്കുന്നത്.
ഭരണഘടനാവിരുദ്ധമായ ഈ മാർഗ്ഗരേഖകൾ നടപ്പിലാക്കുന്നത് അടിയന്തരമായി മരവിപ്പിക്കണമെന്നും, ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയെക്കൊണ്ട് ഇത് സമഗ്രമായി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഞാൻ ഗുജറാത്ത് സർക്കാരിനും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾ പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നും, പുതുതായി ആരംഭിച്ച തീവ്രവാദവിരുദ്ധ സെല്ലുകൾ സ്വീകരിക്കുന്ന നിയമനടപടികൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യം ചൂണ്ടിക്കാട്ടിയതുപോലെ, രാജ്യസുരക്ഷ ഉറപ്പാക്കാൻ നിയമസംവിധാനങ്ങൾക്ക് അവകാശമുണ്ടെങ്കിലും; താടി വളർത്തിയതിന്റെ പേരിലോ, വസ്ത്രധാരണത്തിന്റെയോ മതപരമായ ആചാരങ്ങളുടെയോ പേരിലോ സാധാരണക്കാരായ പൗരന്മാരെ തീവ്രവാദികളായി മുദ്രകുത്താൻ പോലീസിന് അധികാരം നൽകുന്ന തരത്തിലുള്ള നയങ്ങൾ നടപ്പിലാക്കാൻ അനുവദിക്കരുത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

