ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം ഒക്ടോബർ 22ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സർക്കാർ ചുമതലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്. 50 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള കണ്ണാടിപ്പാലത്തിൽ ഒരു സമയം 20 പേർക്ക് കയറാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
12 മി.മീ വീതം കനമുള്ള കണ്ണാടിപ്പാളികൾക്കിടയിൽ 1.5 മി.മീ വീതം ലാമിനേഷൻ ക്രമീകരിച്ച് സാൻവിച്ച് മാതൃകയിലാണ് കണ്ണാടിപ്പാലം പണിചെയ്തിരിക്കുന്നത്. കൃത്രിമ മഴ, മൂടൽമഞ്ഞ്, മികച്ച പ്രകാശ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് എൻ.ഐ.റ്റി യിൽ നിന്നുള്ള വിദഗ്ദരടങ്ങിയ സാങ്കേതിക സമിതി കണ്ണാടിപ്പാലം പരിശോധിച്ച് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
യുവജന സംരംഭക സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് സംസ്ഥാനത്ത് ആദ്യം രൂപീകൃതമായ സംഘങ്ങളിലൊന്നായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (വൈബ്കോസ്) കണ്ണാടിപ്പാലം നിർമ്മിച്ചിരിക്കുന്നത്. വൈബ്കോസിന് കീഴിലെ യുവ സംരംഭകരാണ് നിർമ്മാണ ചെലവ് പൂർണ്ണമായും വഹിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ അനുമതിയോടെയാണ് വൈബ്കോസ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദ സഞ്ചാര പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കി വരുന്നത്.
തെക്കൻ കണ്ണാടിപ്പാലം കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടുകൂടി കേരളത്തിലെ ഏറ്റവും മികച്ച സാഹസിക വിനോദ പാർക്കായി ആക്കുളം ടൂറിസ്റ്റ് വില്ലേജ് മാറും. സിപ്പ് ലൈൻ, സ്കൈ സൈക്ലിംഗ് തുടങ്ങി പത്തോളം ഹൈറോപ്പ് ആക്ടിവിറ്റികൾ, ശീതീകരിച്ച മ്യൂസിക്കൽ ഫൌണ്ടൻ- ലേസർ ഷോ തീയറ്റർ, ഇന്ത്യൻ എയർ ഫോഴ്‌സ് മ്യൂസിയം, 12 ഡി തീയറ്റർ, കമ്പ്യൂട്ടർ ഗെയിമിംഗ് സോൺ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള സോഫ്റ്റ് പ്ലേ ഏര്യ, കിഡ്‌സ് സോൺ, ടോയ് ട്രെയിൻ തുടങ്ങി നിരവധി വിനോദോപാധികൾ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കണ്ണാടിപ്പാലത്തിലേക്കുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 200/- രൂപയും കുട്ടികൾക്ക് 150/- രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

