
കേരളത്തിൻ്റെ ഐ ടി മേഖലയിൽ പുതിയ നാഴികക്കല്ല് ആകുന്ന ‘മെറിഡിയൻ ടെക് പാർക്ക്’ പദ്ധതിക്കുള്ള താല്പര്യപത്രം യുഎഇയിലെ പ്രമുഖ നിക്ഷേപകരായ അൽ മർസൂഖി ഹോൾഡിങ്‌സ് FZC ഇന്ന് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കേരളത്തിൻ്റെ വെർട്ടിക്കൽ ഇന്നവേഷൻ നെക്സസ്’ എന്ന് ബ്രാൻഡ് ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി 850 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരാനും 10,000-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാനത്തിൻ്റെ സാങ്കേതിക മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ലാകുന്ന മെറിഡിയൻ ടെക് പാർക്ക് പദ്ധതിക്കുള്ള താല്പര്യപത്രം യുഎഇയിലെ പ്രമുഖ നിക്ഷേപകരായ അൽ മർസൂഖി ഹോൾഡിങ്‌സ് FZC ഇന്നു കൈമാറി. ‘കേരളത്തിൻ്റെ വെർട്ടിക്കൽ ഇന്നവേഷൻ നെക്സസ്’ എന്ന് ബ്രാൻ്റ് ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി 850 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരാനും 10,000-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. മെറിഡിയൻ ടെക് പാർക്കിൻ്റെ ഇരട്ട ടവർ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ് ത്രീയിലാണ് ഉയരാൻ പോകുന്നത്.
കേരളത്തിൻ്റെ ഐടി മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്ടിക്കാനുതകുന്ന ഈ പദ്ധതി നമ്മുടെ തൊഴിൽമേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും. മെറിഡിയൻ ടെക് പാർക്ക് കേവലം ഒരു കെട്ടിട സമുച്ചയമല്ല, അത്യാധുനികമായ ഇന്നൊവേഷൻ ഇക്കോസിസ്റ്റമാണ്. ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്ന ലീഡ് പ്ലാറ്റിനം (LEED Platinum) സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹൃദ നിർമ്മിതിയാണ് ഇതിൻ്റെ പ്രധാന സവിശേഷത.
എ ഐ ലബോറട്ടറി വഴി ചെറുകിട കമ്പനികൾക്ക് പോലും നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ക്യാമ്പസ് ഒരുങ്ങുക. നമ്മുടെ നാട് ആഗോള സാങ്കേതിക വിപ്ലവത്തിൻ്റെ മുൻനിരയിലേക്ക് കുതിക്കുകയാണ്. ആ കുതിപ്പിനു കൂടുതൽ വേഗം പകരുന്ന പദ്ധതിയായിരിക്കും മെറിഡിയൻ ടെക് പാർക്ക്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

