നാല് വർഷം കൊണ്ട് ആസ്തി നാലിരട്ടിയിലധികം വർധിച്ചു; പി വി അൻവറിന്‍റെ സ്ഥാപനങ്ങളിൽ ഇഡി പരിശോധന

PV ANVAR

പി വി അൻവർ കോടികളുടെ ബിനാമി ഇടപാട് നടത്തിയെന്നും വായ്പ എടുത്ത തുക വക മാറ്റിയത് ഉൾപ്പെടെ ദുരൂഹ ഇടപാടുകൾ നടത്തിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വാർത്താ കുറിപ്പിലൂടെ അൻവറിൻ്റെ വീട്ടിൽ നടന്ന റെയ്ഡിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഇഡി പുറത്തുവിട്ടു. നാല് വർഷംകൊണ്ട് അൻവറിൻ്റെ ആസ്തി നാലിരട്ടിയിലധികം വർധിച്ചു എന്നും ഇഡി അറിയിച്ചു. വെള്ളിയാഴ്ച പി വി അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിന്റെ വിശദാംശങ്ങളാണ് ഇഡി പുറത്തുവിട്ടത്.

22.3 കോടിയുടെ വായ്പ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഇഡി അന്വേഷണം. ഒരേ വസ്തു ഈടുവെച്ച് ചുരുങ്ങിയ കാലയളവിൽ വിവിധ വായ്പകൾ അൻവർ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും തരപ്പെടുത്തി. ലോണെടുത്ത തുക PVR മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും ഇഡി കണ്ടെത്തി. അനന്തിരവൻമാരുടെയും ഡ്രൈവറുടെയും പേരിലുള്ള കമ്പനിയുടെ യഥാർത്ഥ ഉടമ താൻ തന്നെയാണെന്ന് പി വി അൻവർ ഇഡിയോട് സമ്മതിച്ചു.

ALSO READ; എസ് ഐ ആർ: ‘ബൂത്ത് ലെവൽ ഓഫീസർമാർ വലിയ സമ്മർദ്ദം നേരിടുന്നു’; ആശങ്കയും പ്രതിഷേധവും അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ

2016 ലെ 14.38 കോടിയുടെ സ്വത്ത്, 2021ൽ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായ വിശദീകരണം നൽകാൻ അൻവറിനു കഴിഞ്ഞിട്ടില്ലെന്നും ഇഡി വാർത്താ കുറിപ്പിൽ പറയുന്നു. വ്യത്യസ്ത വ്യക്തികളുടെ പേരിലുള്ള 15 ബിനാമി അക്കൗണ്ടുകളിലൂടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും ഇഡി കണ്ടെത്തി. കള്ളപ്പണ ഇടപാടുകളും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും നടത്തിയതിന്റെ രേഖകൾ പിടിച്ചെടുത്തതായും ഇഡി പറയുന്നു.

അൻവറിൻ്റെ ഡ്രൈവർ 2015 ൽ മാലാകുളം കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഹരി ഉടമയെന്ന പേരിൽ 7 കോടി 50 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തുടർന്ന് തിരിച്ചടവിൽ വീഴ്ച വരുത്തി. ഈ വായ്പയും വക മാറ്റിയതായി ഇഡി പറയുന്നു. PVR മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെയാണ് നിർമ്മിച്ചതെന്നും നിർമ്മാണത്തിന് കള്ളപ്പണം ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം, ഫണ്ട് വകമാറ്റൽ ബിനാമി ഇടപാടുകൾ എന്നിവയിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇഡി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News