2031-ഓടെ കേരളത്തെ സമ്പൂര്‍ണ പോഷകഭദ്രമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ

Minister GR Anil

2031ഓടെ കേരളത്തെ സമ്പൂര്‍ണ പോഷകഭദ്രം ആക്കുമെന്ന് ഭക്ഷ്യവകുപ്പുമന്ത്രി ജി ആര്‍ അനില്‍. ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിഷന്‍-2031ല്‍ ‘ഭക്ഷ്യഭദ്രതയില്‍ നിന്ന് പോഷകഭദ്രതയിലേക്ക്’ എന്ന വീക്ഷണനയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ വിഷന്‍ 2031 എന്ന പേരില്‍ ഭാവികേരളത്തെ പറ്റിയുള്ള ആശയങ്ങള്‍ രൂപീകരിക്കുന്നതിന് സംഘടിപ്പിക്കുന്ന 33 വിഷയാധിഷ്ഠിത സെമിനാറുകളില്‍ ഒന്നാണ് ഇന്ന് ചേര്‍ന്നത്.

1947-ല്‍ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെയും പോലെ കേരളവും അതീവ ദരിദ്രവും പിന്നോക്കവും ആയിരുന്നു. അതിനുമപ്പുറം ഒരു ഭക്ഷ്യകമ്മി സംസ്ഥാനം ആയതുകൊണ്ട് ക്ഷാമത്തിനും പട്ടിണിക്കും വശംവദരാകാനുള്ള സാധ്യത കൂടുതലുമായിരുന്നു. എന്നാല്‍ ദശാബ്ദങ്ങള്‍ പിന്നിട്ട് ഇന്ന് നാം അതിദാരിദ്ര്യവിമുക്തമായ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്നു. സാമ്പ്രദായികമായ പൊതുവിതരണ സംവിധാനത്തിനപ്പുറം അതിവിപുലവും ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിച്ചേരുന്നതുമായ ഒരു വിപണി ഇടപെടല്‍ ശൃംഖലയിലൂടെ കൂടെ ആണ് വിശപ്പുരഹിത കേരളം യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് കഴിഞ്ഞത്. ഇതേ പാതയില്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. കേരളം എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോള്‍ എല്ലാവര്‍ക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുക എന്നുള്ളതാണ് നമ്മള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ലോകമെങ്ങും വിഖ്യാതമായ കേരള മാതൃകയുടെ ബലിഷ്ഠമായ അടിസ്ഥാനശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത എന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മനുഷ്യവിഭവ വികാസ സൂചികകളിലെ ഉന്നതസ്ഥാനങ്ങളിലൂടെയും ജീവിതഗുണമേന്മയിലൂടെയും അടയാളപ്പെടുത്തപ്പെട്ട ഈ മികവുകള്‍ക്ക് നാം തീര്‍ച്ചയായും കാര്‍ഷിക ഭൂപരിഷ്‌ക്കരണത്തോടും സാര്‍വത്രിക വിദ്യാഭ്യാസ- പൊതുജനാരോഗ്യ സംവിധാനത്തോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍ മികച്ച ഒരു പൊതുവിതരണ സംവിധാനം ഇല്ലായിരുന്നു എങ്കില്‍ ഈ നേട്ടങ്ങളെല്ലാം ജലരേഖകളായി മാറിപ്പോവുമായിരുന്നു.

ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം വകുപ്പിന്റെ ഒൻപത് വര്‍ഷത്തെ നേട്ടങ്ങള്‍ അവതരിപ്പിച്ചു. ‘ആഗോളഭക്ഷ്യഭദ്രതാ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം’ എന്ന വിഷയത്തില്‍ കൃഷി മന്ത്രി പി പ്രസാദ്, സംസ്ഥാന ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ കെ എന്‍ ഹരിലാല്‍, ഡല്‍ഹി ഐ ഐ ടിയിലെ പ്രൊഫ. ഋതിക എസ് ഖേര, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.രവിരാമന്‍ എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ.ജിനു സക്കറിയ ഉമ്മന്‍, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ജയകൃഷ്ണന്‍ എം വി, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ജെ കിഷോര്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ കെ ഹിമ സ്വാഗതവും റേഷനിംഗ് കണ്‍ട്രോളര്‍ ജ്യോതികൃഷ്ണ വി നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു. ‘ഭക്ഷ്യഭദ്രതയില്‍ നിന്ന് പോഷകഭദ്രതയിലേക്ക്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ.ജിനു സക്കറിയ ഉമ്മന്‍ മോഡറേറ്ററായി. പി വേണുഗോപാല്‍, ആര്‍ രാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ‘ഉപഭോക്തൃമേഖല ചൂഷണമുക്തം സംതൃപ്തം’ എന്ന വിഷയത്തില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍ വിസിറ്റിങ് പ്രൊഫസര്‍ തോമസ് ജോസഫ് തൂങ്കുഴി മോഡറേറ്ററായി. അഡ്വ. ജി രഘുകുമാര്‍, അഡ്വ. സൂര്യ ജെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച നടന്നു. ഭക്ഷ്യ വകുപ്പുമന്ത്രി ജി ആര്‍ അനില്‍ മറുപടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News