‘വോട്ടര്‍ പട്ടികതീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; മുഖ്യമന്ത്രി

pinarayi vijayan

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.

നിലവിലുള്ള വോട്ടർപട്ടികയ്ക്ക് പകരം 2002 – 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്ര പരിഷ്കരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്നത്. 1950ലെ ജനാധിപത്യ നിയമവും 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കേണ്ടത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ എസ്ഐആർ അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാൽ എസ്ഐആർ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിർബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വോട്ടിംഗ് പോലെ മറ്റൊന്നുമില്ല ഞാൻ ഉറപ്പായും വോട്ട് ചെയ്യും എന്ന് പ്രചരിപ്പിച്ചവർ തന്നെ ബീഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്നും നീക്കി. ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പു നൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ് ബീഹാറിൽ നടന്നത്..

ALSO READ : ‘ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറി; സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമത്’; മുഖ്യമന്ത്രി

പൗരന്റെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല. ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്ഐആർ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതൽ ശക്തമാവുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബീഹാർ എസ്ഐആറിന്റെ ഭരണഘടനാ സാധ്യത സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കത്തന്നെ   പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് നിഷ്കളങ്കമായി കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ് ഐ ആർ  നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണ് എന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മീഷൻ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News