കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യോമ ഭീഷണികളെ ചെറുത്തുകൊണ്ട് കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം 13 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം.
രാജ്യത്തിന്റെ സുരക്ഷയും നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായുള്ള ഉയർന്ന ജാഗ്രതയുടെ ഭാഗമായാണ് ഈ പ്രതിരോധ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമ പ്രതിരോധ യൂണിറ്റുകൾ തുടർച്ചയായി നിരീക്ഷണം ശക്തമാക്കി പൂർണ സജ്ജാവസ്ഥയിൽ പ്രവർത്തിച്ചുവരുന്നതായും അറിയിച്ചു.
Also read: ഹരിയാനയിലെ സീറ്റ് കോഴ വിവാദം; നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് ഗൗരവ് കുമാർ
പ്രതിരോധ നടപടികളിൽ നശിപ്പിച്ച മിസൈലുകളും ഡ്രോണുകളും വീണുണ്ടായ അവശിഷ്ടങ്ങൾ ചില പ്രദേശങ്ങളിൽ പതിച്ചതിനെ തുടർന്ന് ചെറിയ തോതിൽ ഭൗതിക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളപായമോ ഗുരുതര പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും ബന്ധപ്പെട്ട സാങ്കേതിക സംഘങ്ങൾ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിനെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിൽ ഉണ്ടായ തീ പിടിത്തം അഗ്‌നിശമന സേന അതിവേഗം നിയന്ത്രണവിധേയമാക്കിയിരുന്നു. സംഭവത്തിൽ ആളപായമില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ രാജ്യത്ത് ഉയർന്ന ജാഗ്രത തുടരുകയാണ്. സൈന്യം, നാഷണൽ ഗാർഡ്, പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവയുടെ ഏകോപിത പ്രവർത്തനത്തോടെ രാജ്യത്തിന്റെ വ്യോമാതിർത്തിയും നിർണായക കേന്ദ്രങ്ങളും ശക്തമായി നിരീക്ഷിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

